ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) മല്‍സരങ്ങള്‍ക്കായി യുഎഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബോളര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയുടെ സമീപകാല മത്സരങ്ങളില്‍ കളത്തിലിറങ്ങിയ യുവ ബോളര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. താരത്തിനു പുറമെ ക്യാമ്പിലെ ചില ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റീന് കാലാവധി നീട്ടാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തീരുമാനിച്ചു. സംഘത്തിലെ പത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
ഐപിഎല്ലിനായി ചെന്നൈ താരങ്ങള്‍ ഈ മാസം 21നാണ് യുഎഇയിലെത്തിയത്. ചെന്നൈയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ചാണ് യാത്ര ചെയ്തത്.അടുത്ത മാസം 19 മുതല്‍ നവംബര്‍ 30 വരെയാണ് ഐപിഎല്‍ മല്‍സരങ്ങള്‍..
യുഎഇയിലെത്തിയ ശേഷം ഒന്നാം ദിനവും മൂന്നാം ദിനവും ആറാം ദിനവുമായി മൂന്നു ഘട്ടങ്ങളിലായാണ് ചെന്നൈ താരങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തിയത്. ഇന്ത്യയില്‍നിന്ന് യാത്ര തിരിക്കും മുന്‍പും കോവിഡ് പരിശോധന നടത്തിയിരുന്നു. യുഎഇയിലെത്തിയ ശേഷമുള്ള പരിശോധനകളില്‍ ഒന്നിലാണ് ഇന്ത്യന്‍ താരത്തിനും സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.
ചെന്നൈ സൂപ്പര്‍ കിങ്സില്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ രണ്ട് പേസ് ബോളര്‍മാരാണുള്ളത്; ഷാര്‍ദുല്‍ താക്കൂറും ദീപക് ചാഹറും. ഇവരില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് വിവരം. സിഎസ്കെ മാനേജ്മെന്റിന്റെ ഭാഗമായിട്ടുള്ള മുതിര്‍ന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. അവരുടെ സോഷ്യല്‍ മീഡിയ ടീമിലെ കുറഞ്ഞത് രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു- ഐപിഎല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
യുഎഇയിലെത്തിയ ശേഷമുള്ള ക്വാറന്റീനില്‍ കാലയളവ് അവസാനിച്ചെങ്കിലും സംഘത്തിലെ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ക്വാറന്റീന് സപ്തംബര്‍ ഒന്നുവരെ നീട്ടി.