Thursday, December 2, 2021
HomeNewsfeedയുഎഇയില്‍ ഐപിഎല്‍ വെടിക്കെട്ട് 19 മുതല്‍; ആരോഗ്യ പങ്കാളിയായി മലയാളിയുടെ സ്ഥാപനം

യുഎഇയില്‍ ഐപിഎല്‍ വെടിക്കെട്ട് 19 മുതല്‍; ആരോഗ്യ പങ്കാളിയായി മലയാളിയുടെ സ്ഥാപനം

ദുബൈ: കോവിഡിനെ തുടര്‍ന്ന് മാറ്റിയ ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങള്‍ ഈ മാസം 19 മുതല്‍ യുഎഇയില്‍. ഒക്ടോബര്‍ 15 വരെ അബൂദബി, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍.

യുഎഇയിലെ ഐപിഎലിന്റെ ആരോഗ്യ പങ്കാളിയായി മലയാളിയുടെ ആശുപത്രിയെ ബിസിസിഐ നിയോഗിച്ചു. വ്യവസായി ഡോ.ഷംസീര്‍ വയലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെല്‍ത്ത്കെയര്‍ ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ടൂര്‍ണമെന്റിന് ആരോഗ്യ പരിരക്ഷയൊരുക്കാനും കോവിഡിനെ മറികടക്കാനുള്ള ബയോബബ്‌ളിനുള്ള മെഡിക്കല്‍ സേവനങ്ങള്‍ക്കുമായി തിരഞ്ഞെടുക്കപ്പെടുന്നത്.

കഴിഞ്ഞ സീസണില്‍ മത്സരങ്ങള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കിയ അനുഭവ സമ്പത്തുമായാണ് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഇത്തവണ നിര്‍ണായക ചുമതല ഏറ്റെടുക്കുന്നത്. ബയോബബ്ള്‍ ഉറപ്പാക്കുന്നതിനായി 30,000 പിസിആര്‍ പരിശോധനകള്‍ നടത്തും.

അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ സപ്പോര്‍ട്ട്, മസ്‌കുലോസ്‌കലെറ്റല്‍ ഇമേജിങ്, സ്‌പെഷ്യലിസ്റ്റ് ടെലികണ്‍സള്‍ട്ടേഷന്‍, ഡോക്ടര്‍-ഓണ്‍-കോള്‍, ആംബുലന്‍സ്/എയര്‍ ആംബുലന്‍സ് സപ്പോര്‍ട്ട് തുടങ്ങിയ സേവനങ്ങള്‍ നല്‍കും. ഇതിനായി 100 അംഗ മള്‍ട്ടി ഡിസിപ്ലിനറി ടീമിന് രൂപം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനെക്കാള്‍ കര്‍ശനമായ ടെസ്റ്റിങ് പ്രോട്ടോക്കോളാണ് ഇത്തവണ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ വിദഗ്ധര്‍ ഐപിഎല്ലിനായി ഒരുക്കിയിട്ടുള്ളത്. കളിക്കാര്‍ എത്തുന്നതിന് മുന്നോടിയായി ദുബായിലെയും അബുദാബിയിലെയും 14 ഹോട്ടലുകളിലായി 750 ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് പരിശോധന ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 13 -ന് മുംബൈ ഇന്ത്യന്‍സിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും കളിക്കാരുടെ സാമ്പിളുകള്‍ ശേഖരിച്ചാണ് ടീമുകള്‍ക്കുള്ള പരിശോധന ആരംഭിച്ചത്.

 

Most Popular