ദുബൈ: ദുരിതം പേറുന്ന പ്രവാസികള്‍ക്ക് ദുബൈ ഭരണാധികാരിയുടെ കാരുണ്യം വീണ്ടും. അപൂര്‍വജനിതക രോഗം ബാധിച്ച 2 വയസ്സുകാരി ലവീന്റെ മാതാപിതാക്കളുടെ കണ്ണീരൊപ്പാനാണ് ഇക്കുറി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സഹായ ഹസ്തം നീട്ടിയത്. ജീവിത കാലം മുഴുവന്‍ കിടക്കയില്‍ കഴിയേണ്ടി വരുമായിരുന്ന ലവീന് പുതുജന്മം നല്‍കാനുള്ള 16 കോടിയിലേറെ വിലയുള്ള കുത്തിവയ്പിന്റെ പണമാണ് ശെയ്ഖ് മുഹഹമ്മദ് നല്‍കിയത്. ദൈവത്തിന്റെ ഇടപെടലാണ് സഹായവുമായി ദുബൈ ഭരണാധികാരിയെ തങ്ങള്‍ക്കു മുന്നിലെത്തിച്ചതെന്ന വിശ്വാസത്തിലാണ് ഇറാഖി സ്വദേശികളായ ഇബ്രാഹിം മുഹമ്മദും ഭാര്യ മസര്‍ മുന്ദറും.
ചലനത്തിന് സഹായിക്കുന്ന മസിലുകള്‍ തളര്‍ന്നു പോകുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രോഫി എന്ന രോഗമായിരുന്നു ലവീനിന്. കുഞ്ഞിന്റെ ചികിത്സയ്ക്കായി ദുബൈ ജലീല ആശുപത്രിയില്‍ ഫെബ്രുവരി ഒന്‍പതിനാണ് ദമ്പതികള്‍ എത്തിയത്. എന്നാല്‍ ഈ അപൂര്‍വ രോഗത്തിന് 80 ലക്ഷം ദിര്‍ഹം(ഏകദേശം 16 കോടി രൂപ) വിലയുള്ള സോള്‍ജെന്‍സ്മ എന്ന കുത്തിവയ്പാണ് ഏക പരിഹാരം എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന വേളയിലാണ് സുഹൃത്തുക്കളുടെ ഉപദേശ പ്രകാരം ശെയ്ഖ് മുഹമ്മദിനോട് സഹായം യാചിച്ച് സമൂഹമാധ്യമത്തില്‍ അവര്‍ വിഡിയോ ഇട്ടത്. തുടര്‍ന്ന് അദ്ദേഹം കുത്തിവയ്പിനുള്ള പണം ആശുപത്രിക്കു കൈമാറുകയായിരുന്നു.
ദൈവം കൈവിടില്ലെന്ന് ഉറപ്പായിരുന്നെന്നും ഷെയ്ഖ് മുഹമ്മദിന്റെ ഇടപെടലിലൂടെ അത് വ്യക്തമായെന്നും ഇബ്രാഹിം പറയുന്നു.