അബൂദബിയിലെ പരിപാടിയില്‍ സീ ന്യൂസ് എഡിറ്റര്‍ പങ്കെടുക്കും; അപമാനകരമെന്ന് ഹിന്ദ് രാജകുമാരി

Hend bint Faisal Al-Qasimi Sudhir Chaudhary

ദുബൈ: ശക്തമായ എതിര്‍പ്പുകളുണ്ടായിട്ടും സംഘപരിവാര അനുകൂലിയും ഇസ്ലാം വിരുദ്ധ പ്രചാരകനുമായ സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിയെ പങ്കെടുപ്പിക്കാനുള്ള നീക്കവുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ). സുധീര്‍ ചൗധരിയെ പങ്കെടുപ്പിക്കുമെന്നാണ് ഐസിഎഐ പ്രസിഡന്റിനോട് ഇന്ന് സംസാരിച്ചപ്പോള്‍ അറിയിച്ചതെന്ന് യുഎഇയിലെ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിം രാജകുമാരി ട്വീറ്റ് ചെയ്തു.

ഞാനിപ്പോള്‍ അബൂദബി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് പ്രിസന്റുമായി സംസാരിച്ചു. ഇസ്ലാമോഫോബ് ആയ സുധീര്‍ ചൗധരി പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. സൂധീര്‍ ചൗധരിയെ ഒഴിവാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. സഹിഷ്ണുതയുള്ള ഒരു രാജ്യത്തെ അദ്ദേഹം എത്ര മാത്രം ബഹുമാനിക്കുന്നു എന്നറിയാന്‍ സാധിച്ചതില്‍ സന്തോഷം-ഹിന്ദ് രാജകുമാരി ട്വീറ്റ് ചെയ്തു.


സുധീര്‍ ചൗധരിയെ ഒഴിവാക്കാന്‍ ഐസിഎഐയിലെ 30 അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും സാമ്പത്തിക തിരിമറിക്കും മുസ്ലിം വിരുദ്ധതയ്ക്കും കുപ്രിസിദ്ധി നേടിയ സുധീര്‍ ചൗധരിയെ പങ്കെടുപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് ഐസിഎഐ പ്രസിഡന്റ് നിരാജ് റിതോളയും വൈസ് പ്രസിഡന്റും. നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും ഹിന്ദ് രാജകുമാരിയുടെ ട്വീറ്റില്‍ പറയുന്നു.
യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഥാനി ബിന്‍ അഹ്‌മദ് അല്‍ സെയൂദി ഐസിഎഐ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതായും രാജകുമാരി പറഞ്ഞു.

കടുത്ത സംഘപരിവാര അനുകൂലിയും ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരേ നിരന്തരം നുണവാര്‍ത്തകള്‍ ചമയ്ക്കുകയും ചെയ്യുന്ന സുധീര്‍ ചൗധരിയെ പങ്കെടുപ്പിക്കുന്നതിനെതിരേ ഹിന്ദ് രാജകുമാരി ശക്തമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സുധീര്‍ ചൗധരിയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതായി അവര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, സൂധീര്‍ ചൗധരിയെ പങ്കെടുപ്പിക്കാനുള്ള നീക്കവുമായി ഐസിഎഐ മുന്നോട്ട് പോവുന്നതായാണ് മനസ്സിലാവുന്നത്.

നവംബര്‍ 25, 26 ദിവസങ്ങളിലായി അബൂദബിയിലെ ഫെയര്‍മൗണ്ട് ബാബ് അല്‍ ബഹ്‌റില്‍ സംഘടിപ്പിക്കുന്ന ആന്വല്‍ ഇന്റര്‍നാഷണല്‍ സെമിനാറിലേക്കാണ് മുഖ്യാതിഥിയായി ഐസിഎഐ സുധീര്‍ ചൗധരിയെ ക്ഷണിച്ചിരുന്നത്.
ALSO WATCH