Monday, December 5, 2022
HomeNewsfeedവന്‍ തൊഴില്‍ തട്ടിപ്പ്; മലയാളികള്‍ അടക്കം 100 കണക്കിന് പ്രവാസികളില്‍ നിന്ന് കോടികള്‍ തട്ടി

വന്‍ തൊഴില്‍ തട്ടിപ്പ്; മലയാളികള്‍ അടക്കം 100 കണക്കിന് പ്രവാസികളില്‍ നിന്ന് കോടികള്‍ തട്ടി

അജ്മാന്‍: യുഎഇയില്‍ നിരവധി പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും തൊഴില്‍ത്തട്ടിപ്പ്. മലയാളികളടക്കം നൂറുകണക്കിന് യുവാക്കളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് സംഘം മുങ്ങി. തട്ടിപ്പിനിരയായ ആറ് മലയാളി യുവാക്കളടക്കമുള്ളവര്‍ ദുബൈ പൊലീസിലും ലേബര്‍ കോടതിയിലും പരാതി നല്‍കി. പ്രത്യേക വെബ് സൈറ്റ് ഒരുക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവിധ വിഭാഗങ്ങളിലുള്ള ജോലിയായിരുന്നു തട്ടിപ്പുസംഘം വാഗ്ദാനം ചെയ്തത്.

യുഎഇയിലെ ഒരു സെക്യുരിറ്റി കമ്പനിയുടെ പേരില്‍ കൊമേഴ്‌സ്യല്‍, റസിഡന്‍ഷ്യല്‍ സെക്യുരിറ്റി, വിഐപി പ്രൊട്ടക്ഷന്‍, സര്‍വെയ്‌ലന്‍സ് മോണിറ്ററിങ്, ജനറല്‍ ഗാര്‍ഡിങ്, ട്രാഫിക് മാനേജ്‌മെന്റ് പൊസിഷന്‍, ബൗണ്‍സേഴ്‌സ്, പേഴ്‌സനല്‍ ഗാര്‍ഡ്‌സ് വിഭാഗങ്ങളിലേയ്ക്കാണ് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചത്. മലയാളികളടക്കം നിരവധി ഇന്ത്യക്കാരും പാകിസ്താ, ബംഗ്ലാദേശ്, നേപ്പാള്‍, നൈജീരിയ എന്നീ രാജ്യക്കാരുമടക്കം നൂറുകണക്കിന് പേര്‍ ഇതു കണ്ട് അപേക്ഷിക്കുകയും തട്ടിപ്പിനിരയാകുകയും ചെയ്തു.

ഇവരില്‍ 75 പേര്‍ ഇപ്പോള്‍ അജ്മാന്‍ ലക്കി റൗണ്ടെബൗട്ടിനടുത്ത് വൃത്തിയും വെടിപ്പുമില്ലാത്ത പഴയ ഫ്‌ളാറ്റിലെ കൊച്ചു മുറികളില്‍ ദുരിതത്തില്‍ കഴിയുകയാണ്. പകല്‍ നേരം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നതിനാല്‍ കനത്ത ചൂട് സഹിച്ചാണ് കഴിയുന്നത്. നിത്യച്ചെലവിന് വകയില്ലാത്തതിനാല്‍ പട്ടിണിയിലുമാണ്. അജ്മാനില്‍ തന്നെ മറ്റു പലയിടത്തുമായി ഇതുപോലെ തട്ടിപ്പിനിരയായ നൂറുകണക്കിന് പേര്‍ കഴിയുന്നുണ്ട്.

തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, മലപ്പുറം സ്വദേശി കളാണ് അജ്മാനില്‍ ദുരിതത്തില്‍ കഴിയുന്ന മലയാളികള്‍. ഇവരെല്ലാം പ്ലസ് ടു മുതല്‍ ബിരുദം വരെ വിദ്യാഭ്യാസമുള്ളവരാണ്. ഇത്തരത്തിലുള്ള തൊഴില്‍ തട്ടിപ്പിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിയാമായിരുന്നെങ്കിലും വെബ് സൈറ്റിലെ വിവരങ്ങള്‍ കണ്ടപ്പോള്‍ യഥാര്‍ഥ കമ്പനിയാണെന്ന് തെറ്റിദ്ധരിച്ചുപോയെന്ന് തട്ടിപ്പിനിരയായവരില്‍ ഒരാള്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

കമ്പനിയുടെ വിവരങ്ങളെല്ലാം കൃത്യമായി വെബ് സൈറ്റിലുണ്ടായിരുന്നു. കൂടാതെ, യുഎഇയിലെത്തിയ ശേഷം മാത്രമേ ഡിപോസിറ്റ് തുക നല്‍കേണ്ടതുള്ളൂ എന്നതും ആകര്‍ഷണമായി. ഇവിടെയെത്തിയ ഉടനെ തൊഴില്‍ വീസ നല്‍കുമെന്നായിരുന്നു അറിയിച്ചത്. 1500 മുതല്‍ 2500 ദിര്‍ഹം വരെ പ്രതിമാസ ശമ്പളം, രണ്ട് വര്‍ഷത്തിലൊരിക്കല്‍ ശമ്പളത്തോടുകൂടി രണ്ടു മാസത്തെ അവധിയും മടക്ക ടിക്കറ്റും ആയിരുന്നു പാക്കേജ്.

മാര്‍ച്ച് 14നാണ് മനുവും സംഘവും മൂന്നു മാസത്തെ സന്ദര്‍ശക വിസയില്‍ ദുബയിലെത്തിയത്. അവിടെ നിന്ന് കമ്പനിയുടെ ആള്‍ക്കാരാണെന്ന് പറഞ്ഞ് ചിലര്‍ അജ്മാനിലെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചു. ഇവിടെ ഇതുപോലെ ഇതേ കമ്പനിയില്‍ റജിസ്റ്റര്‍ ചെയ്ത 756 യുവാക്കളുണ്ടായിരുന്നു. താമസ സ്ഥലത്ത് ആദ്യം നല്ല സൗകര്യമായിരുന്നു അനുവദിച്ചത്. വൈദ്യുതിയും ഇന്റര്‍നെറ്റ് സംവിധാനവുമെല്ലാം ഏര്‍പ്പെടുത്തി.

തുടര്‍ന്ന് കമ്പനിയുടെ ആളാണെന്ന് പറഞ്ഞ് സമീപിച്ച ഏഷ്യക്കാരനായ യുവാവ് 2,500 ദിര്‍ഹം സുരക്ഷാ ഡെപോസിറ്റ് എന്ന പേരില്‍ കൈക്കലാക്കി. ജോലിയില്‍ പ്രവേശിച്ചു ഒരു മാസം കഴിഞ്ഞാല്‍ ഇത് തിരിച്ചു നല്‍കും എന്ന വാക്കും ഇവരെല്ലാം കണ്ണടച്ചുവിശ്വസിച്ചു. മാസങ്ങള്‍ പിന്നിട്ടിട്ടും ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള യാതൊരു നീക്കവും ഉണ്ടായില്ല. ഇതിനിടയില്‍ സമ്മര്‍ദ്ദം ശക്തമായതോടെ ഒന്നോ രണ്ടോ പേര്‍ക്ക് ജോലി നല്‍കിയിരുന്നു. ഇടയ്ക്ക് വന്ന് യൂനിഫോം ധരിപ്പിച്ച് എല്ലാവരുടെയും ഫോട്ടോ എടുത്തു പോയി.

എന്നാല്‍, തുടര്‍ നടപടിയൊന്നും ഉണ്ടാകാത്തതിനാല്‍ ചതി മനസ്സിലായി കഴിഞ്ഞ ദിവസം ഓഫീസിലേക്കു വിളിച്ചപ്പോള്‍ ഫോണുകള്‍ നിശ്ചലമായിരുന്നു. അന്നു തന്നെ ചില യുവാക്കള്‍ ഓഫിസ് മേല്‍വിലാസം തപ്പിപ്പിടിച്ച് ചെന്നുനോക്കിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നായിരുന്നു പോലിസില്‍ പരാതി നല്‍കിയത്. ലൈസന്‍സുള്ള കമ്പനിയാണെന്നും എന്നാല്‍ ഉടമകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

യുഎഇയില്‍ ജോലി ലഭിക്കാന്‍ ആരും പണം നല്‍കേണ്ടതില്ലെന്ന് പോലിസ് ഉപദേശിച്ചതായി മലയാളികള്‍ പറഞ്ഞു. വെബ് സൈറ്റ് വഴിയും മറ്റും തൊഴില്‍ അപേക്ഷ നല്‍കുമ്പോള്‍ കമ്പനിയെക്കുറിച്ച് കൃത്യമായി മനസിലാക്കിയിരിക്കണം.
ALSO WATCH

Most Popular