മാന്നാര്‍: രണ്ടാഴ്ച്ച മുമ്പ് ദുബയില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് ഭാര്യ വീടിന് സമീപം ഒഴുക്കില്‍പ്പെട്ടു മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സുനു ഭവനില്‍ ജോര്‍ജിന്റെ മകന് സുനു ജോര്‍ജ് (34) ആണ് മരിച്ചത്.
തേവലക്കരയിലുളള വീട്ടിലെത്തിയ സുനു ക്വാറന്റീന് കഴിഞ്ഞതിനുശേഷം വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ഭാര്യ വീടായ മാന്നാര്‍ ചെന്നിത്തല മുണ്ടുവേലിക്കടവിനു പടിഞ്ഞാറുള്ള കാരിക്കുഴി മാമ്പ്ര തെക്കേതില്‍ വീട്ടില്‍ കുടുബസമേതം എത്തിയത്. ഇവിടെ രാത്രിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷം അയല്‍വാസികളായ സുഹൃത്തുക്കളുമൊത്തു നടന്നു പോകുന്നതിനിടയില്‍ സിവൈഎം മന്ദിരത്തിനുസമീപമുള്ള കലുങ്കിലേക്ക് കാല് വഴുതി വീഴുകയായിരുന്നു. ഇവിടെ നിന്ന് ശക്തമായ ഒഴുക്കുള്ള വെട്ടത്തേരി പുഞ്ചയിലേക്കു വീണു. സുനു ജോര്‍ജിന് പ്രദേശത്തെക്കുറിച്ച് ധാരണയില്ലാത്തതാണ് അപകടത്തിനിടയാക്കിയതെന്ന് ഭാര്യാപിതാവ് ജോയി പറഞ്ഞു.
ഒന്നരയാളിലധികം താഴ്ചയില്‍ വെള്ളമുളള പാടത്ത് രാത്രിയില്‍ നാട്ടുകാരും അഗ്നിശമന സേനയുമെത്തി ഏറെനേരം തിരച്ചില്‍ നടത്തിയിട്ടും യുവാവിനെ കണ്ടെത്താനായില്ല. രാത്രി കനത്ത മഴപെയ്തതും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. ശനിയാഴ്ച്ച വള്ളത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് വെള്ളത്തില്‍ താഴ്ന്നു നില്ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ALSO WATCH