ഷാര്‍ജ: ഷാര്‍ജയില്‍ ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍പ്പെട്ട ഇടുക്കി സ്വദേശി മരിച്ചത് കെട്ടിടത്തില്‍ നിന്ന് വീണാണെന്ന് പോലിസ്. നെടുങ്കണ്ടം തെക്കേകൂട്ടാര്‍ തടത്തില്‍ പി കെ വിജയന്റെ മകന്‍ ടി വി വിഷ്ണുവാണ് (29) മരിച്ചത്. സംഘര്‍ഷത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീഴുകയായിരുന്നുവെന്ന് ഷാര്‍ജ പോലിസ് അറിയിച്ചു. സംഘര്‍ഷത്തിനിടെ കുത്തേറ്റാണ് വിഷ്ണു മരിച്ചതെന്ന് നേരത്തേ വാര്‍ത്ത വന്നിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ഷാര്‍ജ അബൂഷഗാറയിലെ വിഷ്ണു താമസിക്കുന്ന കെട്ടിടത്തിലായിരുന്നു സംഘര്‍ഷമുണ്ടായത്. സംഭവ സമയം വിഷ്ണു തന്റെ ഫ്‌ലാറ്റിലുണ്ടായിരുന്നു. സംഘര്‍ഷം കണ്ട് ഭയന്ന വിഷ്ണു ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. രക്തം വാര്‍ന്നാണ് മരണമെന്ന് പോലിസ് പറഞ്ഞു. കൊലപാതകമാണെന്ന് സംശയിക്കാന്‍ തക്ക മുറിവ് ശരീരത്തിലില്ലായിരുന്നുവെന്നും മറ്റു സൂചനകള്‍ ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.
ഷാര്‍ജയിലെ സലൂണ്‍ ജീവനക്കാരനായ വിഷ്ണു അവധി ദിവസമായതിനാല്‍ ജോലിക്ക് പോയിരുന്നില്ല. മൃതദേഹം ഷാര്‍ജ പോലിസ് മോര്‍ച്ചറിയില്‍. സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ സ്വദേശികളായ ചിലരെ പിടികൂടിയതായി സൂചനയുണ്ട്.
ALSO WATCH