Friday, October 22, 2021
HomeEdiotrs Pickകേരളം തേടിയ ആ ഭാഗ്യവാന്‍ ദുബയിലെ റസ്റ്റൊറന്റ് അടുക്കളയിലുണ്ട്; അടിച്ചത് 12 കോടി

കേരളം തേടിയ ആ ഭാഗ്യവാന്‍ ദുബയിലെ റസ്റ്റൊറന്റ് അടുക്കളയിലുണ്ട്; അടിച്ചത് 12 കോടി

ദുബൈ: കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് ദുബൈ പ്രവാസിക്ക്. അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ അടുക്കളയില്‍ സഹായിയായ വയനാട് പനമരം സ്വദേശി സൈതലവി (45)യാണ് ആ ഭാഗ്യവാന്‍.

ഒരാഴ്ച മുന്‍പ് സൈതലവിക്ക് വേണ്ടി പാലക്കാട്ടെ സുഹൃത്താണ് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തത്. ഇതിന് ഗൂഗിള്‍ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. തുടര്‍ന്ന് ടിക്കറ്റിന്റെ ചിത്രം സൈലതവിക്ക് വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് ഈ ടിക്കറ്റിന് സമ്മാനം ലഭിച്ചതായി അറിഞ്ഞത്.

സൈലതവിയുടെ മകന്‍ വയനാട് നിന്ന് പാലക്കാട്ടെത്തി ടിക്കറ്റ് നേരില്‍ കണ്ട് ഉറപ്പാക്കിയിട്ടുണ്ട്. ആറ് വര്‍ഷത്തോളമായി ഇതേ റസ്റ്ററന്റില്‍ ജോലി ചെയ്യുന്ന സൈതലവിയുടെ ഭാര്യയും രണ്ടു മക്കളും പനമരത്ത് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.

ദുബയിലെ യുട്യൂബര്‍ തളിപ്പറമ്പ് സ്വദേശി ജാസിം കുട്ടിയസനാണ് സൈതലവി സമ്മാനം നേടിയ വിവരം ടിക് ടോക് വിഡിയോയിലൂടെ ലോകത്തെ അറിയിച്ചത്. ഇരുവരും ഒരേ കെട്ടിടത്തിലാണ് താമസം.

ഇന്നലെ നടന്ന നറുക്കെടുപ്പില്‍ 12 കോടിയുടെ ഭാഗ്യമുള്ള ടിക്കറ്റിന്റെ ഏജന്റ് കൊല്ലം കോട്ടമുക്കു തേവര്‍ ഇല്ലത്തു മുരുകേഷ് തേവര്‍ ആണെന്നു കണ്ടെത്തിയെങ്കിലും ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനായിരുന്നില്ല. കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസില്‍ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യുകിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസ് ഏജന്‍സിയില്‍ വില്‍പനയ്ക്കായി കൊണ്ടുപോയ ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്.

Most Popular