അജ്മാന്: യുഎഇയിലെ പ്രവാസി സമൂഹത്തെ വേദനയിലാഴ്ത്തി മുങ്ങി മരിച്ച പിതാവിന്റെയും മകളുടെയും മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുപോയി. എംബാമിങ് സെന്ററില്‍ മരിച്ചവരുടെ മുഖം ഒരു നോക്കു കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ഇസ്മായിലിന്റെ സഹപ്രവര്‍ത്തകരുമടക്കം ഒട്ടേറെ പേരെത്തിയിരുന്നു.
നാല് ജീവനുകള്‍ ധീരമായി രക്ഷപ്പെടുത്തിയാണ് ഇസ്മായീല്‍ മകളൊടൊപ്പം മരണത്തിന്റെ കൈകളിലേക്കു വീണത്. സായാഹന്ം ചെലവഴിക്കാന്‍ ഷാര്‍ജ അജ്മാന് അതിര്‍ത്തിയിലെ പുതുതായി തുറന്ന അല്‍ ഹീറ ബീച്ചില്‍ ചെന്ന കോഴിക്കോട് ബാലുശ്ശേരി ഇയ്യാട് താഴേചന്തം കണ്ടിയില്‍ ഇസ്മായീല്‍ (47), മകള്‍ അമല്‍ ഇസ്മായീല്‍ (18) എന്നിവര്‍ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് കടലില്‍ മുങ്ങി മരിച്ചത്.
അപ്രതീക്ഷിതമായി കടലിലുണ്ടായ വേലിയേറ്റമാണ് ദുരന്തത്തിന് കാരണമായത്. ഇസ്മായിലിന്റെയും സഹോദരന്റെയും കുടുംബങ്ങള്‍ ഒന്നിച്ചായിരുന്നു ബീച്ചിലെത്തിയത്. മുതിര്‍ന്നവര്‍ കരയില്‍ സംസാരിച്ചിരുന്നപ്പോള്‍, 5 കുട്ടികളും വെള്ളത്തില്‍ കളിക്കുകയായിരുന്നു. പെട്ടെന്ന് ആഞ്ഞടിച്ച തിരമാലയില്‍ കുട്ടികളെല്ലാവരും ഒഴുക്കില്‍പ്പെടുകയും അവരെ രക്ഷിക്കാന്‍ ഇസ്മായീല്‍ മുന്നിട്ടിറങ്ങുകയുമായിരുന്നു. ഇസ്മായീന്റെ മൂന്നും സഹോദരന്റെ രണ്ടും കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍, നാലു കുട്ടികളെ ആദ്യശ്രമത്തില്‍ തന്നെ ഇസ്മായീല്‍ രക്ഷപ്പെടുത്തിയെങ്കിലും മൂത്ത മകള്‍ അമലിനെ രക്ഷിക്കാനായില്ല. തുടര്‍ന്ന്, ഇസ്മായീല്‍ വീണ്ടും കടലിലേയ്ക്ക് ചാടി അമലിനെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും രണ്ടുപേരും വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ബാക്കിയുള്ളവര്‍ക്ക് കരയിലിരുന്ന് നിലവിളിക്കുവാനേ സാധിച്ചുള്ളൂ.
വിവരം ലഭിച്ചതനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി 30 മിനിറ്റിനകം ഇസ്മായീലിനെ കരക്കെത്തിച്ചു. പക്ഷേ അപ്പോഴേയ്ക്കും മരിച്ചിരുന്നു. തുടര്‍ന്ന് അമലിന്റെ മൃതദേഹവും സംഭവ സ്ഥലത്ത് നിന്നു തന്നെ കണ്ടെടുത്തു.
14 വര്‍ഷത്തെ പ്രവാസ ജീവിതം
14 വര്‍ഷമായി ദുബയില്‍ താമസിക്കുന്ന ഇസ്മായീല്‍ ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി(ആര്‍ടിഎ)യില്‍ ട്രാന്‍സ്പോര്‍ട് സിസ്റ്റം കണ്‍ട്രോളറായി ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം മൂന്ന് മാസത്തെ അവധിയാഘോഷിക്കാനാണ് ഒരാഴ്ച മുന്‍പ് സന്ദര്‍ശക വിസയില്‍ ദുബയിലെത്തിയത്. ഇസ്മായീലിന് ഭാര്യയും അമലിനെ കൂടാതെ, 8, 14 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുമുണ്ട്. നേരത്തെ യുഎഇയിലുണ്ടായിരുന്ന കുടുംബത്തെ ഒന്നര വര്‍ഷം മുന്‍പാണ് നാട്ടിലേക്ക് അയച്ചത്. ഭാര്യ നേരത്തെ ഇവിടെ അധ്യാപികയായിരുന്നു.
കടലില്‍ കുളിക്കാനിറങ്ങുന്നവര്‍ ജാഗ്രത
കടലില്‍ കുളിക്കാനിറങ്ങുന്നവര്‍, പ്രത്യേകിച്ച് തണുപ്പുകാലത്ത് ഏറെ ജാഗ്രത കാണിക്കണമെന്ന് പൊലീസ് പറഞ്ഞു. കടല്‍ പ്രക്ഷുബ്ധമാണോ എന്ന് നിരീക്ഷിക്കാന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാന വാര്‍ത്തകള്‍ക്കനുസരിച്ച് വേണം ബീച്ച് സന്ദര്‍ശിക്കാന്‍. അപകടമേഖലയായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് ഒരിക്കലും അടുക്കരുത്പൊലീസ് മുന്നറിയിപ്പ് ആവര്‍ത്തിച്ചു.