യുഎഇയിലെ ലേബര്‍ ക്യാംപുകളില്‍ മലയാളികള്‍ കോവിഡ് ഭീതിയില്‍

അബൂദാബി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യുഎഇയിലെ വിവിധ ലേബര്‍ ക്യാംപുകളിലും ഷെയറിങ് ഫ്‌ളാറ്റുകളിലും കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് രോഗ ഭീതിയില്‍. ഷെയറിങ് റൂമുകളില്‍ കഴിയുന്ന പലര്‍ക്കും കൊവിഡ് ലക്ഷണങ്ങളുള്ള അസുഖങ്ങളുണ്ടെങ്കിലും ചികില്‍സ പോലും ലഭ്യമാവുന്നില്ലെന്ന പരാതിയുയരുന്നു. സഹായത്തിനു ആംബുലന്‍സ് വിളിച്ചാല്‍ 12 മണിക്കൂറും മറ്റും കഴിഞ്ഞാണ്
എത്തുന്നതെന്നും ആക്ഷേപമുണ്ട്. അതേസമയം, വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് യുഎഇയിലെ പ്രവാസി മലയാളികളുടെ സംഘടനയായ മലബാര്‍ ഡെവപ്‌മെന്റ് ഫോറം യുഎഇ ഇന്ത്യന്‍ അംബാസിഡര്‍ക്കും ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പരാതി നല്‍കി. പ്രയാസം അനുഭവിക്കുന്ന ഒരു പ്രവാസിയുടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കിയാണ് നടപടി കൈക്കൊള്ളണമെന്നാണ് ഫോറം പ്രസിഡന്റ് കെ എം ബഷീര്‍ കത്ത് നല്‍കിയിട്ടുള്ളത്.
കൊറോണ വൈറസിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ഇദ്ദേഹത്തില്‍ കണ്ടുതുടങ്ങിയിട്ട് 12 മണിക്കൂര്‍ പിന്നിട്ടു.
ഇതേ മുറിയില്‍ കഴിയുന്ന സുഹൃത്തുക്കള്‍ ആരോഗ്യവകുപ്പിനെ ഇക്കാര്യം അറിയിച്ചെങ്കിലും അവിടെ നിന്ന് അറിയിപ്പോ കൊണ്ടുപോകാനുള്ള ആംബുലന്‍സോ എത്തിയില്ലെന്നാണ് കത്തില്‍ പറയുന്നത്. ഷെയറിങ് റൂമായതിനാല്‍ ഇവരെല്ലാം രോഗിക്കൊപ്പം തന്നെയാണ് കഴിയുന്നത്. ലോക വ്യാപകമായി കൊറോണ വ്യാപിക്കുകയും കേരളത്തിലും എണ്ണം കൂടുകയും ചെയ്യുമ്പോള്‍ അടുത്ത ദിവസങ്ങളില്‍ തങ്ങളെയും ബാധിക്കുമോയെന്നാണ് ഇവരുടെ ആശങ്ക. രോഗലക്ഷണങ്ങളുള്ളവരെ ഇറക്കിവിടാനാവില്ല. പകരം ഐസൊലേഷനിലാക്കുകയാണെങ്കില്‍ അതിനു ആംബുലന്‍സ് ഉള്‍പ്പെടെ വേണം. രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ ഇതിനു പരിഹാരമുണ്ടാക്കാനാവാതെ ആശങ്കയിലാണ്.