കോഴിക്കോട്: 2020 മെയ് 8ന് വന്ദേഭാരത് ദൗത്യത്തിലെ ആദ്യ വിമാനം കരിപ്പൂരില്‍ പറന്നിറങ്ങിയപ്പോള്‍ അന്ന് മലബാര്‍ ജനത ഹര്‍ഷാരവങ്ങളോടെയാണ് അവരെ വരവേറ്റത്. അന്ന് പൈലറ്റ് അഖിലേഷ് കുമാറും സംഘവും പുഞ്ചിരി തൂകിയാണ് ആളുകളുടെ കൈയടികളിലേക്ക് ഇറങ്ങിവന്നത്. കൃത്യം മൂന്ന് മാസം തികയാനിരിക്കെ ആഗത് ഏഴിന് അതേ വിമാനത്താവളത്തിലുണ്ടായ വിമാനദുരന്തത്തില്‍ അഖിലേഷ് കുമാര്‍ ഉള്‍പ്പെടെ പത്തൊമ്പതോളം പേര്‍ക്ക് ജീവന് നഷ്ടമായി. അന്ന് അദ്ദേഹത്തിന് വേണ്ടി കയ്യടിച്ചവര്‍ കണ്ണീരോടെയാണ് ഇന്നലെ അഖിലേഷ് കുമാറിന്റെ മൃതദേഹം സ്വീകരിച്ചത്.
കരിപ്പൂരില്‍ വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ട വിമാനത്തിലെ ഫസ്റ്റ് ഓഫീസറായിരുന്നു 32 വയസ്സുകാരന് അഖിലേഷ് കുമാര്‍. ഉത്തര്‍പ്രദേശിലെ മതുര സ്വദേശിയാണ്. ഭാര്യ മേഘയ്ക്കും അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് താമസം. 2017-ലായിരുന്നു വിവാഹം. ഭാര്യ മേഘ ഗര്‍ഭിണിയാണ്. 2017-ലാണ് അഖിലേഷ് കുമാര്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ജോലിയില്‍ പ്രവേശിച്ചത്.
ജൂനിയര്‍ ആയിരുന്നെങ്കിലും അതീവ പ്രാഗത്ഭ്യമുള്ള പൈലറ്റായിരുന്നു അഖിലേഷ് കുമാര്‍ എന്ന് സഹപ്രവര്‍ത്തകനും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ ക്യാപ്റ്റന്‍ മൈക്കിള്‍ സാല്‍ദാന പറയുന്നു. എയര്‍ക്രാഫ്റ്റുകളെ കുറിച്ചും മറ്റും അദ്ദേഹത്തിന് അതീവ ജ്ഞാനമുണ്ടായിരുന്നു. ലാന്‍ഡിങ് അടക്കമുള്ള കാര്യങ്ങള്‍ മികച്ച രീതിയില്‍ അദ്ദേഹത്തിന് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സാല്‍ദാന ഓര്‍ത്തെടുത്തു.