Sunday, January 23, 2022
HomeNewsKeralaലുലുവില്‍ ആകെ ജോലി ചെയ്തത് രണ്ടു മാസം; കാഴ്ച്ച നഷ്ടപ്പട്ട അനില്‍ കുമാറിന് കരുതലായി എം...

ലുലുവില്‍ ആകെ ജോലി ചെയ്തത് രണ്ടു മാസം; കാഴ്ച്ച നഷ്ടപ്പട്ട അനില്‍ കുമാറിന് കരുതലായി എം എ യൂസുഫലി

കായംകുളം: രണ്ട് മാസം മാത്രം ജോലി ചെയ്ത ബന്ധത്തില്‍ തന്റെ സ്ഥാപനം ഇത്രവലിയ തണലാകുമെന്ന് കായംകുളം സ്വദേശി അനില്‍ കുമാര്‍ പ്രതീക്ഷിച്ചിരുന്നില്ല. കാഴ്ച നഷ്ടപ്പെട്ട അനില്‍ കുമാര്‍ എല്ലാം അവസാനിച്ചു എന്ന് കരുതി നില്‍ക്കുമ്പോഴാണ് എം എ യൂസഫലിയും, ലുലു ഗ്രൂപ്പ് മാനേജ്മെന്റും തുണയായത്.

ഇന്തോനേഷ്യയിലുളള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായി ജോലി ചെയ്ത് വരുന്നതിനിടെയാണ് കായംകുളം സ്വദേശി അനില്‍ കുമാറിന് കാഴ്ച നഷ്ടപ്പെടുന്നത്. കടുത്ത പ്രമേഹരോഗമായിരുന്നു കാരണം. ജോലി ചെയ്ത രണ്ട് മാസക്കാലയളവിനിടയില്‍ ഒരു ദിവസം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് എത്തി ഉറക്കം എഴുന്നേല്‍ക്കുമ്പോഴാണ് കാഴ്ച ശക്തി നഷ്ടമായത്.

പിന്നീട് ലുലു ഗ്രൂപ്പ് ജീവനക്കാര്‍ ചേര്‍ന്ന് ഇന്തോനേഷ്യയിലെ ഏറ്റവും നല്ല ആശുപത്രിയില്‍ അനില്‍ കുമാറിന് ചികിത്സയ്ക്ക് സംവിധാനമൊരുക്കി. ഇന്‍ഷുറന്‍സിന് പുറമെ ചികിത്സയ്ക്കായി ചെലവായ 2 ലക്ഷം രൂപ ലുലു ഗ്രൂപ്പ് തന്നെ കെട്ടിവെച്ചു. നാട്ടിലേക്ക് പോകണമെന്ന് അനില്‍കുമാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോകാനുള്ള വിമാനടിക്കറ്റും സഹായത്തിനായി അഞ്ചരലക്ഷം രൂപയും ലുലു ഗ്രൂപ്പ് മാനേജ്മെന്റും, ജീവനക്കാരും ചേര്‍ന്ന് നല്‍കി. രണ്ട് മാസത്തെ അധിക ശമ്പളവും അനിലിന് ഉറപ്പാക്കി.

ആകെ പന്ത്രണ്ടര ലക്ഷം രൂപയുടെ സഹായമാണ് അനില്‍കുമാറിന്റെ ചികിത്സയ്ക്കുള്‍പ്പെടെ അന്ന് കൈമാറിയിരുന്നത്. തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയപ്പോള്‍ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഒരു ലക്ഷം രൂപ കൂടി അനില്‍ കുമാറിന് നല്‍കുകയും ചെയ്തു.

ചികിത്സക്ക് പുറമെ മകളുടെ പഠന ചെലവിനുള്ള തുക കണ്ടെത്തുന്നതിനടക്കം അനില്‍ കുമാര്‍ ബുദ്ധിമുട്ടുന്നതായുള്ള വിവരം അറിഞ്ഞയുടനെയാണ് മുന്‍ ജീവനക്കാരന് കരുതലുമായി എം എ യൂസഫലി വീണ്ടും എത്തിയത്. മകളുടെ പഠനം മുടങ്ങുമെന്ന് ഇപ്പോള്‍ അനില്‍ കുമാറിന് ആശങ്കയില്ല. അക കണ്ണിന്റെ കാഴ്ചയില്‍ വെളിച്ചമായി എം എ യൂസഫലി ഒരിക്കല്‍ കൂടി എത്തി. യൂസഫലിയുടെ നിര്‍ദ്ദേശപ്രകാരം ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് അനില്‍ കുമാറിന്റെ വീട്ടിലെത്തി അഞ്ച് ലക്ഷം രൂപ കൈമാറി. മകളുടെ പഠനം മുടങ്ങില്ലെന്ന് ഉറപ്പായതോടെ യൂസഫലിയുടെ ഇടപെടലിന് ഒരിക്കല്‍ കൂടി നന്ദി പറയുകയാണ് അനില്‍ കുമാറും കുടുംബവും.

Most Popular