അബൂദബി ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനായി എം എ യൂസുഫലി

ma yousuf ali abudhabi award

അബൂദബി: അബൂദബി ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടേഴ്‌സ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ എം എ യൂസഫലി വൈസ് ചെയര്‍മാനായി നിയോഗിതനായി. അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഉത്തരവിറക്കിയത്. മസ്‌റൂയി ഇന്റര്‍നാഷനലിന്റെ അബ്ദുല്ല മുഹമ്മദ് അല്‍ മസ്‌റൂയിയാണ് ചെയര്‍മാന്‍.

അബൂദബി വാണിജ്യ വ്യവസായ രംഗത്തു നിന്നുള്ളവരടങ്ങിയ 29 അംഗ കമ്മിറ്റിയില്‍ യൂസഫലി മാത്രമാണ് ഏക ഇന്ത്യക്കാരന്‍. കമ്മിറ്റിയില്‍ മൂന്നു പേര്‍ വനിതകളാണ്. മറ്റു ഭാരവാഹികള്‍: ഡോ.അലി ഹര്‍മല്‍ അല്‍ ദഹേരി (ബിന്‍ ഹര്‍മല്‍ ഗ്രൂപ് ഫസ്റ്റ് വൈസ് ചെയര്‍മാന്‍), മസ്ഊദ് റഹ്‌മാ അല്‍ മസ്ഊദ് (അല്‍ മസ്ഊദ് ഗ്രൂപ്ട്രഷറര്‍), സഈദ് ഗുര്‍മാന്‍ അല്‍ റമൈതി (സ്റ്റീല്‍ എമിറേറ്റ്‌സ് കോണ്‍ട്രാക്ടിങ്‌ഡെപ്യുട്ടി ട്രഷറര്‍).

അബൂദബി ചേംബര്‍ ഡയറക്ടേഴ്‌സ് ബോര്‍ഡിലേക്കുള്ള നിയമനത്തില്‍ അഭിമാനമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. യുഎഇയുടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായ അബൂദബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് അബൂദബി ചേംബര്‍. അബുദാബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഇതില്‍ അംഗമാണ്. അബൂദബിയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനത്തിനും ചേംബറിന്റെ അനുമതി ആവശ്യമാണ്.

അബൂദബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണയ്ക്കുമുള്ള അംഗീകാരമായി യുഎഇയുടെ ഉന്നത സിവിലിയന്‍ ബഹുമതിയായ അബൂദബി അവാര്‍ഡ് നല്‍കി അബൂദബി സര്‍ക്കാര്‍ യൂസഫലിയെ ആദരിച്ചിരുന്നു. അതിനു തൊട്ടുപിറകെയാണ് പുതിയ അംഗീകാരം.
ALSO WATCH