ദുബൈ: ഓണ്‍ലൈന്‍ കാലത്ത് സൈബര്‍ കെണികള്‍ കൂടിവരുന്നതിനിടെ പണം കവരാന്‍ ‘മാന്ത്രികപ്പേന’യുമായി തട്ടിപ്പുകാര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം പേന തട്ടിപ്പുകാര്‍ വ്യാപകമായി രംഗത്തെത്തിയതായാണ് റിപോര്‍ട്ട്.
എഴുതി അല്‍പം കഴിയുമ്പോള്‍ കണ്ടുപിടിക്കാനാവാത്തവിധം മായ്ച്ചുകളയാവുന്ന മഷിയാണ് ഇതിലുള്ളത്. ഇടപാടുകാരന്‍ ചെക്കില്‍ എഴുതി നല്‍കുന്ന തുക മായ്ച്ചുകളഞ്ഞ് കൂടുതല്‍ തുക പിന്‍വലിക്കാന്‍ ഇത്തരം പേനകള്‍ ഉപയോഗിക്കുന്നു. മുദ്രപത്രത്തിലും മറ്റും എഴുതി നല്‍കുന്ന കരാര്‍ രേഖകളിലടക്കം തിരിമറി നടത്താനും കഴിയും.
ക്രെഡിറ്റ് കാര്‍ഡ് സേവനവുമായി വരുന്ന ബാങ്ക് പ്രതിനിധികള്‍, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ എന്നിങ്ങനെ ഏതുരൂപത്തിലും തട്ടിപ്പുകാര്‍ വരാം. അപേക്ഷ പൂരിപ്പിക്കാനും മറ്റും ഇവര്‍ നല്‍കുന്ന പേനയിലാണു കെണി. ഉണങ്ങിയാലും ഇതിലെ മഷി മായ്ക്കാനാകും. സ്വകാര്യ വിവരങ്ങള്‍ കൈമാറുമ്പോഴും രേഖകള്‍ ഒപ്പിട്ടു നല്‍കുമ്പോഴും അതീവ ജാഗ്രത പുലര്‍ത്തണമെന്നു ബാങ്കുകള്‍ മുന്നറിയിപ്പു നല്‍കി.
ചെക്കുകളിലും മറ്റു രേഖകളിലും എഴുതുമ്പോള്‍ സ്വന്തം പേന ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ബാങ്ക് പ്രതിനിധികളായി വരുന്നവരോടു ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടണം. സംശയം തോന്നിയാല്‍ ഉടന്‍ ബാങ്കിനെ അറിയിക്കണം. ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ടു നല്‍കരുത്. സൈബര്‍ തട്ടിപ്പുകള്‍ക്കിരയായ പലരും പരാതിയുമായി സമീപിക്കുന്നുണ്ടെന്നു ബാങ്കിങ് മേഖലയിലുള്ളവര്‍ പറയുന്നു. ഇ മെയിലിലൂടെയും എസ്എംഎസിലൂടെയോ അക്കൗണ്ട് വിവരങ്ങള്‍ ആര്‍ക്കും നല്‍കരുത്. അത്തരം സന്ദേശങ്ങള്‍ അവഗണിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.