Thursday, December 2, 2021
HomeNewsfeedജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ശമ്പളം ബാക്കിവച്ച് വന്‍തുക വായ്പ്പയെടുത്ത് മലയാളി വ്യവസായി മുങ്ങി

ജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ശമ്പളം ബാക്കിവച്ച് വന്‍തുക വായ്പ്പയെടുത്ത് മലയാളി വ്യവസായി മുങ്ങി

ദുബൈ: യുഎഇയില്‍ വന്‍ തുക ബാങ്ക് വായ്പയെടുത്ത ശേഷം മലയാളി വ്യവസായി മുങ്ങി. ജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ശമ്പളകുടിശ്ശിക ബാക്കിവച്ചാണ് ഇയാള്‍ രാജ്യം വിട്ടത്. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ വ്യത്യസ്ത കമ്പനികള്‍ നടത്തിയിരുന്ന കൊച്ചി സ്വദേശിയാണ് മുങ്ങിയത്. ഇതോടെ ഇയാളുടെ കമ്പനികളില്‍ ജോലി ചെയ്തിരുന്ന മലയാളികളടക്കം പതിനായിരത്തിലേറെ തൊഴിലാളികള്‍ ദുരിതത്തിലായി.

ദുബൈ, അബൂദബി, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ കെട്ടിട നിര്‍മാണം, അഡ്വര്‍ടൈസ്‌മെന്റ്, പ്രീ കാസ്റ്റ്, മാര്‍ബിള്‍ ഗ്രാനൈറ്റ് കമ്പനികളാണ് തട്ടിപ്പുകാരന്‍ നടത്തിയിരുന്നത്. പല വമ്പന്‍ കമ്പനികളുടെയും പ്രൊജക്ടുകള്‍ വിപണി നിരക്കിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക് കരാര്‍ ഏറ്റെടുത്ത ശേഷം അവരോട് വന്‍ തുക മുന്‍കൂറായി വാങ്ങുകയായിരുന്നു. ഈ പദ്ധതികള്‍ കാണിച്ചാണ് അഞ്ചോളം ബാങ്കുകളില്‍ നിന്ന് ഭീമമായ തുക വായ്പയെടുത്തതെന്ന് ജീവനക്കാര്‍ പറഞ്ഞു.

കൂടാതെ, വിവിധ കമ്പനികള്‍ക്ക് നിര്‍മാണ ജോലികള്‍ ഉപകരാര്‍ നല്‍കുകയും ചെയ്തിരുന്നു. ശമ്പള കുടിശ്ശികയുള്ള ജീവനക്കാരില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ട്. ഇവരില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരുമുണ്ട്. തൊഴിലാളികള്‍ കഴിഞ്ഞ ദിവസം കമ്പനിക്ക് മുന്നില്‍ സമരം ചെയ്തതോടെയാണ് ഉടമ മുങ്ങിയ കാര്യം അറിയുന്നത്.

20 വര്‍ഷം മുന്‍പ് സാധാരണ തൊഴിലാളിയായിട്ടാണ് മുങ്ങിയ ഉടമ ഇതേ കമ്പനികളിലൊന്നില്‍ പ്രവാസ ജീവിതം ആരംഭിച്ചത്. ആദ്യത്തെ ഉടമയ്ക്ക് ഒരു അപകടം സംഭവിച്ച് വ്യവസായം തകര്‍ച്ചയിലേയ്ക്ക് വീണപ്പോള്‍ ഇയാള്‍ വഞ്ചനയിലൂടെ സ്വന്തമാക്കുകയായിരുന്നുവെന്ന് പറയുന്നു.
ALSO WATCH

 

Most Popular