മസാജിനായി ചെന്ന ഐടി വിദഗ്ധനെ ദിവസം മുഴുവന്‍ മര്‍ദിച്ച് അര ലക്ഷം ദിര്‍ഹം തട്ടി

dubai massage parlor robbery

ദുബൈ: മസാജിനായി വിളിച്ചുവരുത്തിയയാളെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയ സംഭവത്തില്‍ മൂന്ന് പ്രവാസി സ്ത്രീകള്‍ക്ക് ശിക്ഷ. ദുബയിലെ ഒരു ഐടി വിദഗ്ധനാണ് കെണിയില്‍ കുടുങ്ങിയത്. പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വീതം ജയില്‍ ശിക്ഷയും 2,84,000 ദിര്‍ഹം പിഴയും കോടതി വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും.

2020 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മസാജ് സെന്ററിന്റെ ഉടമയെ ബന്ധപ്പെട്ട ശേഷം ഐടി വിഗഗ്ധന്‍ ഉടമ പറഞ്ഞ അപ്പാര്‍ട്ട്‌മെന്റിലെത്തുകയായിരുന്നു. സംഭവ സമയത്ത് അവിടെ നാല് സ്ത്രീകളാണുണ്ടായിരുന്നത്. അകത്ത് കടന്നയുടനെ കൈവശം എത്ര പണമുണ്ടെന്ന് അന്വേഷിച്ചു. 200 ദിര്‍ഹമാണ് ഉള്ളതെന്ന് അറിയിച്ചതോടെ സംഘത്തിലെ ഒരു സ്ത്രീ പഴ്‌സും മൊബൈല്‍ ഫോണും കൈക്കലാക്കിയ ശേഷം ഫോണിന്റെ പാസ്‌കോഡ് ആവശ്യപ്പെടുകയായിരുന്നു.

ഫോണ്‍ തുറന്നുകൊടുക്കാന്‍ വിസമ്മതിച്ചതോടെ സ്ത്രീകളിലൊരാള്‍ മര്‍ദ്ദനം തുടങ്ങി. അടിക്കുകയും ഭീഷണിപ്പെടുക്കുകയും ചെയ്തു. മറ്റൊരു സ്ത്രീ കഴുത്തില്‍ കത്തിവച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യിച്ചു. ശേഷം മൊബൈല്‍ ബാങ്കിങ് ആപ് തുറന്ന് 25,000 ദിര്‍ഹം പല അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. പഴ്‌സിലുണ്ടായിരുന്ന എ.ടി.എം കാര്‍ഡ് കൈക്കലാക്കിയ ഒരു സ്ത്രീ അതുമായി പുറത്തുപോയി 30,000 ദിര്‍ഹം പിന്‍വലിച്ചു.

അക്കൗണ്ടില്‍ ആ സമയത്ത് 4,39,000 ദിര്‍ഹമുണ്ടായിരുന്നു. ഒരു ദിവസം കഴിഞ്ഞാണ് ഇയാളെ സംഘം വിട്ടയച്ചത്. പുറത്തിറങ്ങിയ ഉടന്‍ പോലിസിനെയും ബാങ്കിനെയും വിവരമറിയിച്ചു. പരാതി ലഭിച്ചതനുസരിച്ച് അന്വേഷണം നടത്തിയ പോലിസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
ALSO WATCH