അബൂദാബി: തലസ്ഥാന എമിറേറ്റിലെ തീരദേശ മേഖലയില്‍ കണ്ടല്‍ക്കാടുകളുടെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ഡ്രോണുകള്‍ ഉപയോഗിച്ച് വിത്ത് പാകുന്നു. ഡ്രോണുകളും വിത്ത് വിതരണ റിഗ്ഗിങും ഉപയോഗിച്ച് 4,000 കണ്ടല്‍ വിത്തുകള്‍ നടുന്ന പരിപാടി ഡിസംബറോടെ പൂര്‍ത്തീകരിക്കും. പശ്ചിമ അബൂദാബിയിലെ തീരദേശങ്ങളില്‍ പുതിയ കണ്ടല്ക്കാടുകള്ക്കായാണ് കണ്ടല്‍ വിത്തുകള്‍ പാകുന്ന ജോലികള്‍ക്ക് അബൂദാബി പരിസ്ഥിതി ഏജന്‍സി ഡ്രോണുകള്‍ ഉപയോഗിക്കുന്നത്.
അല്‍ മിര്‍ഫയിലെ ഫ്രഞ്ച് യൂട്ടിലിറ്റി കമ്പനിയുടെ പ്ലാന്റിനു സമീപത്തെ കണ്ടല്‍വന മേഖലയുടെ പുനരധിവാസമാണ് അബൂദാബി പരിസ്ഥിതി ഏജന്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. അബൂദബി നഗരത്തില്‍ നിന്ന് 90 മിനിറ്റ് യാത്രാദൂരമുള്ള തീര ദേശത്ത് ആയിരക്കണക്കിന് കണ്ടല്‍ വിത്തുകള്‍ നട്ടുപിടിപ്പിക്കാനും വളര്‍ച്ച നിരീക്ഷിക്കാനും പ്രത്യേകമായി നിര്‍മിച്ച ഡ്രോണുകളും റിഗ്ഗിങ്ങും ഉപയോഗിക്കുന്നതായി പരിസ്ഥിതി ഏജന്‍സി വെളിപ്പെടുത്തി. ആളില്ലാതെ പ്രവര്‍ത്തിക്കുന്ന ഏരിയല്‍ വെഹിക്കിള്‍ കമ്പനിയായ ഡിസ്റ്റന്റ് ഇമേജറിയാണ് ഡ്രോണുകള്‍ നിര്‍മിക്കുകയും കണ്ടല്‍ വിത്തു നടീലിനുള്ള പ്രദേശം തിരിച്ചറിയാനും വിത്തു വിതക്കാനും ഏജന്‍സിക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. കാര്‍ബണ്‍ സംഭരണത്തിന്റെ അളവു കുറക്കാനും ജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥ ഒരുക്കാനും കണ്ടല്‍ക്കാടുകള്‍ സഹായിക്കും.