എപ്പോഴാണ് നാടണയാനാവുക; യുഎഇ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷം പേര്‍

repatriation of expats from gulf

ദുബയ്: ഇന്ത്യയിലേക്ക് മടങ്ങാന്‍ യുഎഇ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. അപേക്ഷകരില്‍ 25 ശതമാനം പേരും ജോലി നഷ്ടപ്പെട്ടവരാണ്. എംബസി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്തവരില്‍ 40 ശതമാനംപേര്‍ തൊഴിലാളികളാണ്. സന്ദര്‍ശക, വിനോദ സഞ്ചാര വിസയിലെത്തിയവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ 10 ശതമാനം പേരുണ്ട്.

രജിസ്റ്റര്‍ ചെയ്തവരില്‍ പകുതിയിലധികവും മലയാളികളാണ്. അപേക്ഷകരുടെ എണ്ണം കൂടിയത് തുടക്കത്തില്‍ സൈറ്റിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നുവെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. വാര്‍ഷിക അവധിക്കും മറ്റും നാട്ടിലേക്ക് പോകാനിരിക്കുന്നവര്‍ യാത്ര നീട്ടി വയ്ക്കണമെന്ന് കോണ്‍സുല്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു. അത്യാവശ്യക്കാര്‍ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും വേണ്ടി മറ്റുള്ളവര്‍ സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു

വിവിധ രാജ്യങ്ങളില്‍നിന്നായി അഞ്ച് ലക്ഷത്തോളം പേരാണ് ഇതിനകം നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുഎഇയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷത്തിലധികം പേരാണ് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മലബാറില്‍ നിന്നുള്ളവരാണ്. പ്രവാസികളുടെ കൊണ്ടുപോകുന്നതിനുള്ള വിമാന സര്‍വീസുകള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദേശീയ വിമാന കമ്പനിയോടൊപ്പം വ്യോമ സേനാ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയ പശ്ചത്താലത്തില്‍ പ്രവാസികളുടെ മടങ്ങിവരവ് എപ്പോള്‍ തുടങ്ങും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത ഇല്ല.

ജോലി നഷ്ടപ്പെട്ടും മറ്റും ദുരിതത്തിലായ തൊഴിലാളികളെയാണ് ആദ്യം കൊണ്ടു പോവുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയില്‍ നിന്നുള്ളവരെയാകും ആദ്യം നാട്ടിലെത്തിക്കുക.

Registrations in UAE Indian Embassy, who wish to return India, crossed one lakh. Approximately 25% of the applicants are unemployed.