എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണമെന്ന് യുഎഇ

uae id card

അബൂദബി: സ്വദേശികളും വിദേശികളും തിരിച്ചറിയല്‍ കാര്‍ഡ് എല്ലാ സമയത്തും കൈയ്യില്‍ കരുതണമെന്ന് യുഎഇ അധികൃതര്‍. പുറത്തിറങ്ങുമ്പോള്‍ നിയമ പാലകര്‍ ആവശ്യപ്പെട്ടാല്‍ ഐഡി കാര്‍ഡ് കാണിക്കണം.

കാര്‍ഡ് ഭാഗികമായോ പൂര്‍ണമായോ ഉപയോഗശൂന്യമായാല്‍ പുതിയതിന് അപേക്ഷിക്കണം. കാര്‍ഡിലെ വിവരങ്ങള്‍ മായാത്ത വിധം കാര്‍ഡ് സൂക്ഷിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഐഡി കാര്‍ഡ് വിവരങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ ഒരു മാസത്തിനകം ഔദ്യോഗിക കേന്ദ്രങ്ങളെ അറിയിച്ച് പുതിയ കാര്‍ഡ് കൈപറ്റണം. കാര്‍ഡ് നഷ്ടപ്പെട്ടാലും ഉപയോഗശൂന്യമായാലും ഒരാഴ്ചയ്ക്കകം ഏറ്റവും അടുത്ത ഇഐഡിഎ കാര്യാലയത്തില്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കണമെന്നാണു നിയമം.

കാര്‍ഡുടമകള്‍ ഒരു കേന്ദ്രത്തിലും ഐഡി കാര്‍ഡ നല്‍കുകയോ, ഇടപാടുകള്‍ക്ക് പണയം വയ്ക്കുകയോ ചെയ്യാന്‍ പാടില്ല. ഇപ്രകാരം ചെയ്യണമെങ്കില്‍ കോടതിയുടെ രേഖാപൂര്‍വമുള്ള ഉത്തരവ് വേണം. ഐഡി കാര്‍ഡ് കളഞ്ഞു കിട്ടിയാല്‍ കൈയില്‍ വയക്കാതെ ഉപഭോക്തൃ സേവന സെന്ററുകളിലോ തൊട്ടടുത്ത പോലിസ് സ്റ്റേഷനിലോ ഏല്‍പിക്കണം. ജോലി മതിയാക്കി രാജ്യം വിടുന്നവര്‍ വിസയോടൊപ്പം ഐഡി കാര്‍ഡ് റദ്ദാക്കണമെന്നതും നിയമമാണ്.