ദുബൈ: അടുത്ത വര്‍ഷം ഫെബ്രുവരി 2 മുതല്‍ നിലവില്‍ വരുന്ന യുഎഇയിലെ പുതിയ തൊഴില്‍ നിയമത്തില്‍ മൂന്ന് തരത്തിലുള്ള പ്രവര്‍ത്തി മാതൃകകള്‍. ഫ്ളെക്സിബിള്‍, താല്‍ക്കാലികം, പാര്‍ട്ട് ടൈം എന്നീ മൂന്ന് തരത്തിലുള്ള ജോലികള്‍ സര്‍ക്കാര്‍ മേഖലയിലും പൊതു കമ്പനികളിലും ജീവനക്കാര്‍ക്ക് സ്വീകരിക്കാവുന്നതാണ്.
ഫൂള്‍ ടൈം ജോലിക്ക് പകരം സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി തേടുന്നവര്‍ക്ക് ഫെബ്രുവരി മുതല്‍ ഇതില്‍ നിന്ന് അനുയോജ്യമായ തൊഴില്‍ മാതൃകകള്‍ സ്വീകരിക്കാവുന്നതാണ്. സ്വകാര്യ മേഖലയില്‍ വ്യത്യസ്ഥ പ്രവര്‍ത്തി മാതൃകകള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ഈ മാസം ആദ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് സര്‍ക്കാര്‍ മേഖലയിലും കൊണ്ടുവരുന്നതാണ് പുതിയ തീരുമാനം.
ഒന്നിലധികം ജോലി മാതൃകകള്‍ കൂട്ടിയോജിപ്പിക്കുന്ന രീതിയും ജീവനക്കാര്‍ക്ക് സ്വീകരിക്കാം. എന്നാല്‍, പരമാവധി പ്രവര്‍ത്തി സമയം ആഴ്ച്ചയില്‍ 48 മണിക്കൂറില്‍ കൂടാന്‍ പാടില്ല.
പാര്‍ട്ട് ടൈം ജോലി: ഈ രീതി പ്രകാരം ഒരു ജീവനക്കാരന് ഒന്നിലധികം തൊഴിലുടമകള്‍ക്ക് കീഴില്‍ നിശ്ചിത സമയം ജോലി എടുക്കാം. സൈറ്റില്‍ നേരിട്ടോ ഓണ്‍ലൈന്‍ ആയോ ജോലി ചെയ്യാവുന്നതാണ്.
താല്‍ക്കാലിക ജോലി: പ്രൊജക്ട് അടിസ്ഥാനത്തിലോ നിശ്ചിത ടാസ്ക് അടിസ്ഥാനത്തിലോ ജോലിക്കാരെ എടുക്കുന്ന രീതി. പ്രൊജക്ട് പൂര്‍ത്തിയാവുന്നതോടെ കരാര്‍ അവസാനിക്കും.
ഫ്ളെക്സിബിള്‍ ജോലി: ജോലിയുടെ സാഹചര്യത്തിനും ആവശ്യത്തിനും അനുസരിച്ച് വ്യത്യസ്ഥ ദിവസങ്ങളില്‍ വ്യത്യസ്ഥ സമയങ്ങളില്‍ ജോലി ചെയ്യുന്ന രീതി. തങ്ങളുടെ ജോലി സമയം തൊഴിലാളിക്ക് തിരഞ്ഞെടുക്കുകയും ചെയ്യാം.