യുഎഇയിലെ പുതിയ അവധി ദിനങ്ങള്‍ സ്വകാര്യ മേഖലയിലും നടപ്പാക്കാന്‍ ആഹ്വാനം ചെയ്ത് മന്ത്രി

office working hours

ദുബൈ: യുഎഇയിലെ പുതിയ വാരാന്ത്യ അവധി സംവിധാനം ഉപയോഗപ്പെടുത്താന്‍ സ്വകാര്യ മേഖലയും തയ്യാറാവണമെന്ന് മാനുഷിക വിഭവശേഷി മന്ത്രി. തൊഴിലാളികളുടെ പ്രൊഡക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനും വ്യാപാര വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പുതിയ അവധി സംവിധാനം പ്രയോജനപ്പെടുമെന്ന് മന്ത്രി ഡോ. അബ്ദുല്‍ റഹ്‌മാന്‍ അല്‍ അവര്‍ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക യോജിക്കുന്ന രീതിയില്‍ മല്‍സരാധിഷ്ടിതത്വവും വിജയവും ഉറപ്പ് വരുത്തുന്ന രീതിയില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ അവധി ദിനങ്ങള്‍ ക്രമപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

യുഎഇയില്‍ പുതിയ തൊഴില്‍ നിയമം 2022 ഫെബ്രുവരി 2 മുതലാണ് നിലവില്‍ വരുന്നത്. പുതിയ നിയമപ്രകാരം സ്വകാര്യ കമ്പനികള്‍ക്ക് അവരുടെ വാരാന്ത്യ അവധി ഏത് ദിവസങ്ങളില്‍ വേണമെന്നത് നിശ്ചയിക്കാനാവും. ആഴ്ച്ചയില്‍ ചുരുങ്ങിയത് ഒരു ദിവസം അവധി നല്‍കണമെന്നാണ് നിയമത്തില്‍ പറയുന്നത്. ഇത് കമ്പനിയുടെ വിവേചനാധികാരത്തിന് അനുസരിച്ചോ മന്ത്രിസഭാ തീരുമാനപ്രകാരമോ വര്‍ധിപ്പിക്കാവുന്നതാണ്.

2022 ജനുവരി 1 മുതല്‍ നടപ്പിലാക്കുന്ന രണ്ടര ദിവസം അവധി സംവിധാനം സര്‍ക്കാര്‍ മേഖലയ്ക്ക് മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ കമ്പനികള്‍ ഇത് പിന്തുടരണമെന്ന് നിര്‍ബന്ധമില്ല. സ്വകാര്യ കമ്പനികളും ബിസിനസുകളും പുതിയ തൊഴില്‍ നിയമപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. അതില്‍ ഏത് ദിവസം അവധി നല്‍കാമെന്നത് കമ്പനികള്‍ക്ക് തീരുമാനിക്കാന്‍ അധികാരമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.