Thursday, January 27, 2022
HomeNewsfeedയുഎഇ വാരാന്ത്യ അവധി; ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വര്‍ക്ക് ഷെഡ്യൂള്‍ പ്രഖ്യാപിച്ച് പ്രമുഖ സ്വകാര്യ കമ്പനി

യുഎഇ വാരാന്ത്യ അവധി; ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വര്‍ക്ക് ഷെഡ്യൂള്‍ പ്രഖ്യാപിച്ച് പ്രമുഖ സ്വകാര്യ കമ്പനി

ദുബൈ: സര്‍ക്കാര്‍ മേഖലയില്‍ യുഎഇ പ്രഖ്യാപിച്ച പുതിയ വാരാന്ത്യ അവധി സംവിധാനത്തിന് അനുസരിച്ച് സ്വകാര്യ കമ്പനികളും മാറ്റം വരുത്തി തുടങ്ങി. യുഎഇയിലെ പ്രമുഖ കമ്പനിയായി ഈസ സാലിഹ് അല്‍ ഗുര്‍ഗ് ഗ്രൂപ്പ്(ഇസാഗ്) പുതിയ പ്രവര്‍ത്തി ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. നാല് ദിവസം ഓഫിസിലും വെള്ളിയാഴ്ച്ച വീട്ടില്‍ നിന്നും ജോലി ചെയ്യുന്ന രൂപത്തിലാണ് ഷെഡ്യൂള്‍.

സര്‍ക്കാരിന്റെ വാരാന്ത്യ അവധി വെള്ളിയാഴ്ച്ച ഉച്ചമുതല്‍ ഞായറാഴ്ച്ച വരെയാണ്. ആഗോള തലത്തില്‍ നിലവിലുള്ള ആഴ്ച്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തി എന്ന വര്‍ക്ക് ഷെഡ്യൂളിനേക്കാള്‍ കുറഞ്ഞ പ്രവര്‍ത്തി സമയം അനുവദിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് യുഎഇ എന്ന് ഇസാഗ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

റീട്ടെയില്‍, ബില്‍ഡിങ് ആന്റ് കണ്‍സ്ട്രക്ഷന്‍, ഇന്‍ഡസ്ട്രിയല്‍, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ കമ്പനിയാണ് ഇസാഗ്.

ജോലിയും കുടുംബ ജീവിതവും തമ്മിലുള്ള ആരോഗ്യകരമായ ബാലന്‍സ് ഉറപ്പിക്കുന്നതിന് പുതിയ വര്‍ക്കിങ് ഷെഡ്യൂള്‍ സഹായിക്കുമെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബിസിനസ് പാര്‍ട്ണമര്‍മാരുമായി മികച്ച രീതിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് പുതിയ ഷെഡ്യൂള്‍ വലിയ തോതില്‍ പ്രയോജനം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.

സര്‍ക്കാര്‍ മേഖലയില്‍ പ്രഖ്യാപിച്ച വാരാന്ത്യ അവധി സംവിധാനം സ്വകാര്യ മേഖലയും പിന്തുടരുന്നത് അഭികാമ്യമാണെന്ന് കഴിഞ്ഞ ദിവസം യുഎഇ മാനവ വിഭവ ശേഷി മന്ത്രി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇസാഗിന്റെ പ്രഖ്യാപനം. രാജ്യത്തെ കൂടുതല്‍ സ്വകാര്യ കമ്പനികള്‍ അധികം വൈകാതെ ഈ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Popular