ഷാര്‍ജയില്‍ മൂന്ന് ദിവസം വാരാന്ത്യ അവധി

sharjah weekend

ഷാര്‍ജ: 2022 മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി നല്‍കുമെന്ന് ഷാര്‍ജ. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി. 2022 ജനുവരി 1 മുതലാണ് ഇത് നടപ്പാവുക.

പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30വരെയാണ് ജോലി സമയം. ജനുവരി 1 മുതല്‍ ആഴ്ച്ചയില്‍ നാലര ദിവസം പ്രവര്‍ത്തി ദിവസമായി നേരത്തേ യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അബൂദബിയും ദുബയും അതേ പാത പിന്തുടരുമെന്ന് അറിയിച്ചിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിവരെ പ്രവര്‍ത്തി ദിസവും ശനി, ഞായര്‍ പൂര്‍ണമായും അവധിയുമാണ് പ്രഖ്യാപിച്ചത്.

എന്നാല്‍, മുസ്ലിംകളുടെ ജുമുഅ പ്രാര്‍ത്ഥനാ ദിവസമായ വെള്ളിയാഴ്ച്ച നിലവിലുള്ള അവധി ഒഴിവാക്കുന്നതിനെതിരേ പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഷാര്‍ജ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചതെന്നാണ് സൂചന.

ഷാര്‍ജ ഭരണാധികാരി ശെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പ്രഖ്യാപനം നടത്തിയത്. വിശദമായ പഠനം നടത്തിയാണ് ഈ തീരുമാനമെടുത്തതെന്ന് എമിറേറ്ററ്‌സ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചു.