Tuesday, September 27, 2022
HomeNewsKeralaനിഥിന്‍ മരിച്ചത് അറിയാതെ ആതിര പ്രസവിച്ചു; നൊമ്പരത്തിന്റെ ഓര്‍മ്മകളിലേക്ക് പിറന്നത് പെണ്‍കുഞ്ഞ്

നിഥിന്‍ മരിച്ചത് അറിയാതെ ആതിര പ്രസവിച്ചു; നൊമ്പരത്തിന്റെ ഓര്‍മ്മകളിലേക്ക് പിറന്നത് പെണ്‍കുഞ്ഞ്

ദോഹ: ഇന്നലെ ദുബയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച നിഥിന്റെ ഭാര്യ ആതിര പ്രസവിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞോമനയെ താലോലിക്കാന്‍ ഭര്‍ത്താവ് ഓടിവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ആതിരയെയും അച്ചന്റെ തലോടലേല്‍ക്കാന്‍ വിധിയില്ലാത്ത കുഞ്ഞുമോളെയും കാണുമ്പോള്‍ ചുറ്റുംനില്‍ക്കുന്നവര്‍ക്ക് നെഞ്ചുപൊട്ടുകയാണ്.

നിഥിന്‍ മരിച്ച വിവരം ഇനിയും ആതിരയെ അറിയിച്ചിട്ടില്ല. പൊന്നോമനയെ കാണാന്‍ ഭര്‍ത്താവ് ദുബയില്‍ ഓടിയെത്തുമെന്ന പ്രതീക്ഷയില്‍ ലേബര്‍ റൂമില്‍ മയക്കത്തിലാണ് ആതിര. അവളെ എങ്ങനെ മരണ വിവരം അറിയിക്കുമെന്നതാണ് ബന്ധുക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ കോവിഡ് പരിശോധനക്കെന്ന പേരു പറഞ്ഞ് ആതിരയെ പ്രവേശിപ്പിക്കുയായിരുന്നു. മൊബൈല്‍ സംവിധാനങ്ങളൊന്നും ആതിരക്ക് നല്‍കിയിരുന്നില്ല. ആദ്യകുഞ്ഞിന്റെ പിറവി ജന്മനാട്ടിലാവണമെന്ന സ്വപ്നത്തിലായിരുന്നു നിഥിന്‍. ഏഴു മാസം ഗര്‍ഭിണിയായിരിക്കവേയാണ് ആതിര നാട്ടിലെക്ക് എത്തിയത്.

ഇന്നലെ ദുബയില്‍ അന്തരിച്ച പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി നിഥിന്‍ ചന്ദ്രന്റെ ഭാര്യയാണു പേരാമ്പ്ര കല്‍പ്പത്തൂര്‍ സ്വദേശിയായ ജി എസ് ആതിര. ഭര്‍ത്താവിന്റെ കൂടെയായിരുന്ന ആതിര കഴിഞ്ഞ മാസമാണു നാട്ടിലെത്തിയത്. ലോക്ഡൗണില്‍ വിദേശത്തു കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചു യാത്രാനുമതി നേടുകയായിരുന്നു. ആദ്യവിമാനത്തില്‍ തന്നെ ആതിരയ്ക്ക് ഇടം കിട്ടുകയും ചെയ്തു. ഭാര്യയ്‌ക്കൊപ്പം വരാമായിരുന്നുവെങ്കിലും, അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി നിഥിന്‍ വന്നില്ല.

ഇന്‍കാസ് യൂത്ത് വിങിനു വേണ്ടി ഷാഫി പറമ്ബില്‍ എംഎല്‍എ യാണ് ആതിരയ്ക്ക് ടിക്കറ്റ് നല്‍കിയത്. ഇതിനു പകരമായി ടിക്കറ്റെടുക്കാന്‍ ബുദ്ധിമുട്ടിയ രണ്ടു പ്രവാസികളെ ആതിരയും നിഥിനും കൂടി ടിക്കറ്റിന്റെ പണം നല്‍കി സഹായിച്ചിരുന്നു. ഇന്നലെ രാവിലെ നിഥിന്റെ മരണവിവരമറിഞ്ഞ ബന്ധുക്കള്‍ ആതിര വിവരം പെട്ടന്ന് അറിയാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഇന്ന് രാവിലെയാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

ആതിരയുടെ പ്രസവത്തോട് അടുപ്പിച്ച് നാട്ടിലേക്കുള്ള വരാനുള്ള ഒരുക്കത്തിലായിരുന്നു നിഥിന്‍. 2017 സപ്തംബറിലായിരുന്നു ഇവരുടെ വിവാഹം. യുഎഇയില്‍ സാമൂഹികസേവന രംഗത്തു സജീവമായിരുന്ന നിഥിന്‍, ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സജീവപ്രവര്‍ത്തകനായിരുന്നു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ രക്തക്ഷാമം പരിഹരിക്കാനുള്ള പേരാമ്പ്രയിലെ രക്തദായിനി പദ്ധതിയിലേക്കു കുവൈത്തില്‍ നിന്നു പണം അയച്ച രണ്ടു കുട്ടികളെക്കുറിച്ചായിരുന്നു നിഥിന്റെ ഒടുവിലത്തെ ഫേസ്ബുക് പോസ്റ്റ്, മരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്കു മുന്‍പ്. ജൂണ്‍ രണ്ടിനായിരുന്നു നിഥിന്റെ ജന്മദിനം.

തനിക്കു മാത്രമല്ല, എല്ലാ ഗര്‍ഭിണികള്‍ക്കുംവേണ്ടി നിയമപോരാട്ടവുമായി പോയ ആതിരയുടെകൂടെ താങ്ങായിനിന്നത് നിഥിനായിരുന്നു. ആതിരയും നിഥിനും ദുബയില്‍ എന്‍ജിനിയര്‍മാരാണ്. മൂന്നുവര്‍ഷം മുമ്പായിരുന്നു വിവാഹം. എട്ടുമാസംമുമ്പാണ് നാട്ടില്‍നിന്നു പോയത്. റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുയിപ്പോത്ത് പടിഞ്ഞാറക്കര കുനിയില്‍ രാമചന്ദ്രന്റെയും ലതയുടെയും മകനാണ് നിഥിന്‍. ആരതി ഏകസഹോദരിയാണ്. ഇന്‍കാസിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ തുടരുകയാണ്.


 

Most Popular