ദുബൈ: ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ വായിക്കുന്നതിന് പണം നല്‍കിയുള്ള സബ്ക്രിപ്ഷന് ഏര്‍പ്പെടുത്താനൊരുങ്ങി ഗള്‍ഫ് ന്യൂസ്. 42 വര്‍ഷം മുമ്പ് തുടക്കമിട്ട ഗള്‍ഫ് ന്യൂസ് ഓണ്‍ലൈനില്‍ പേവാള്‍ സംവിധാനമേര്പ്പെടുത്തുകയാണെന്ന് ഗള്‍ഫ് ന്യൂസ് സിഇഒയും ചീഫ് എഡിറ്ററുമായ അബ്ദുല്‍ ഹാമിദ് അഹ്മദ് പറഞ്ഞു.
ഓണ്‍ലൈന്‍ വായനക്ക് പണം ഈടാക്കാനുള്ള തീരുമാനം കുറച്ചു മുമ്പേ എടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പരസ്യ വരുമാനം വലിയ തോതില്‍ കുറയുന്ന സാഹചര്യത്തില്‍ ഇനിയും സൗജന്യമായി വാര്‍ത്തകള്‍ നല്‍കുന്നത് തുടരനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ പല വാര്‍ത്താ മാധ്യമങ്ങളും ഭാഗികമായോ പൂര്‍ണമായോ ഓണ്‍ലൈനില്‍ സബ്സ്ക്രിപ്ഷന് സംവിധാനം ആരംഭിച്ചിരുന്നു. ഗള്‍ഫ് ന്യൂസും അടുത്ത കാലത്തായി ചില വാര്‍ത്തകള്‍ വായിക്കണമെങ്കില്‍ ലോഗിന്‍ ചെയ്യണമെന്ന നിബന്ധന വച്ചിരുന്നു. നിലവില്‍ ലോഗിന്‍ സൗജന്യമാണെങ്കിലും അധികം വൈകാതെ പണം ഈടാക്കാനാണ് തീരുമാനം.