ദുബൈ മെഹ്‌സൂസ് നറുക്കെടുപ്പില്‍ 100 കോടി ലഭിച്ചത് പ്രവാസി ഡ്രൈവര്‍ക്ക്

dubai mahzooz draw

ദുബൈ: മെഹ്‌സൂസ് നറുക്കെടുപ്പില്‍(dubai mahzooz draw) 50,000,000 ദിര്‍ഹത്തിന്റെ (നൂറു കോടിയിലേറെ ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം പാകിസ്താന്‍കാരനായ ജുനൈദ് റാണയ്ക്ക്. മുപ്പത്തിയാറുകാരനായ ജുനൈദ് ദുബയിലെ ഒരു എസി കമ്പനിയില്‍ ഡ്രൈവറാണ്.

അഞ്ചു വര്‍ഷം മുന്‍പ് പാകിസ്താനിലേക്ക് മടങ്ങിയ ഇദ്ദേഹം വീണ്ടും ജോലി തേടിയാണ് ദുബയില്‍ എത്തിയത്. ഭാര്യയും രണ്ടു മക്കളുമാണ് ജുനൈദിന്. സഹോദരനൊപ്പം എത്തിയാണ് അദ്ദേഹം സമ്മാനം കൈപ്പറ്റിയത്. 237 കോടിയിലേറെ പാകിസ്താന്‍ രൂപയാണ് സമ്മാനമായി ലഭിച്ചത്.
dubai mahzooz draw1നിരവധി തവണ ഭാഗ്യം പരീക്ഷിച്ച ശേഷമാണ് ഇത്തവണ സമ്മാനം ലഭിച്ചതെന്നു ജുനൈദ് പറഞ്ഞു. ജോലി തുടരുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ജോലി ഉപേക്ഷിക്കാനാണ് സാധ്യതയെന്നും ജുനൈദ് പ്രതികരിച്ചു.

വളരെ ലളിതമായി ജീവിക്കാനാണ് ഇഷ്ടം. ഇപ്പോഴുള്ള ജീവിതത്തില്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. ‘സുഹൃത്താണ് പറഞ്ഞത് ആര്‍ക്കോ 50 മില്യണ്‍ ദിര്‍ഹം ജാക്ക്‌പോട്ട് അടിച്ചുവെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്റെ നമ്പറൊന്നു നോക്കട്ടേയെന്ന്. ആദ്യ മൂന്നു നമ്പറുകള്‍ ചേര്‍ന്നപ്പോള്‍ തന്നെ ഞാന്‍ സന്തോഷവാനായിരുന്നു. ടിക്കറ്റിന് മുടക്കിയ തുക തിരിച്ചു കിട്ടിയല്ലോ എന്നായിരുന്നു മനസ്സില്‍’ചിരിച്ചുകൊണ്ട് ജുനൈദ് പറഞ്ഞു.

പാകിസ്താനിലുള്ള ഭാര്യയെ യുഎഇയിലേക്ക് കൊണ്ടുവരികയാണ് ആദ്യത്തെ ആഗ്രഹമെന്ന് ജുനൈദ് പറഞ്ഞു. ജിസിസിയില്‍ എല്ലാ ആഴ്ചയും നടക്കുന്ന നറുക്കെടുപ്പായ മെഹ്‌സൂസില്‍ ഒരാള്‍ക്ക് 100 കോടിയുടെ സമ്മാനം ലഭിക്കുന്നത് ഇതാദ്യമാണ്. യുഎഇയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയും ഇതാണ്.