Monday, May 23, 2022
HomeSub Titleറമദാനിലെ തറാവീഹ് നമസ്‌കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി

റമദാനിലെ തറാവീഹ് നമസ്‌കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി

അബൂദബി: റമദാനിലെ രാത്രി നമസ്‌കാരത്തിന് പള്ളികളില്‍ നിയന്ത്രണങ്ങളോട് കൂടി അനുമതി നല്‍കുമെന്ന് യുഎഇ. കോവിഡ് മാനദണ്ഡം പാലിച്ച് ഇശാ നമസ്‌കാരവും തറാവീഹും അര മണിക്കൂറിനകം തീര്‍ക്കണമെന്നാണു നിബന്ധന. വനിതകളുടെ പ്രാര്‍ഥനാ മുറി അടച്ചിടും. പള്ളികളില്‍ മത പഠന ക്ലാസുകള്‍ അനുവദിക്കില്ലെന്നും മാനദണ്ഡങ്ങളില്‍ പറയുന്നു.

ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതിയാണ് റമദാനിലെ കോവിഡ് കാല മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചത്. റമദാനിലെ അവസാന 10 ദിവസങ്ങളില്‍ നടക്കുന്ന അര്‍ധരാത്രിക്കു ശേഷമുള്ള പ്രാര്‍ഥന (ഖിയാമുല്ലൈല്‍ നമസ്‌കാരം) സംബന്ധിച്ച് ആ സമയത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

റമദാനിലെ കോവിഡ് മാനദണ്ഡങ്ങള്‍

-നോമ്പു തുറയ്ക്കും മറ്റുമായി കൂട്ടംകൂടാന്‍ പാടില്ല.

-കുടുംബ, സുഹൃദ് കൂട്ടായ്മകള്‍ ഒഴിവാക്കണം

-ഭക്ഷണപദാര്‍ഥങ്ങള്‍ കൈമാറരുത്.

-വീട്ടിലുണ്ടാക്കിയ ഭക്ഷണം കുടുംബാംഗങ്ങള്‍ മാത്രമേ കഴിക്കാവൂ

-സ്വകാര്യ, പൊതു ഇഫ്താര്‍ ടെന്റുകള്‍ പാടില്ല

-പള്ളിക്കകത്ത് നോമ്പുതുറ വിഭവങ്ങള്‍ അനുവദിക്കില്ല

-റസ്റ്റോറന്റിനകത്തും പുറത്തും ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്യരുത്

-ക്യാംപുകളിലെ ഭക്ഷണ വിതരണവും പരിമിതപ്പെടുത്തി. മാനേജ്‌മെന്റുമായി സഹകരിച്ചു മാത്രം വിതരണം.

 

Most Popular