ദുബയ്: അപൂര്‍വ്വതകള്‍ കൊണ്ട് ലോകത്തെ അമ്പരപ്പിക്കുന്ന ദുബയില്‍ കൗതുക കാഴ്ച്ചകളുടെ ഒരു മ്യൂസിയം.വെള്ളത്തിലൂടെ ഓടിക്കാന്‍ കഴിയുന്ന തടികൊണ്ട് നിര്‍മിച്ച ഫെറാരി, ചൊവ്വയില്‍നിന്ന് കണ്ടെത്തിയതെന്ന് വിശ്വസിക്കുന്ന ഉല്‍ക്കാശകലം, ടോയ്‌ലറ്റ് പേപ്പര്‍ കൊണ്ടു നിര്‍മിച്ച വിവാഹവസ്ത്രങ്ങള്‍. ഇങ്ങനെ അത്യപൂര്‍വ വസ്തുക്കളുടെ അദ്ഭുത കലവറയാണു ദുബയ് ഗ്ലോബല്‍ വില്ലേജിലെ റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട് മ്യൂസിയം.
ഭീമാകാരന്മായ ദിനോസറുകളുടെ അസ്ഥികൂടങ്ങള്‍, കൊമോഡോ ഡ്രാഗണിന്റെ പൂര്‍ണ അസ്ഥികൂടം, ഗണ്‍ പൗഡര്‍ ഉപയോഗിച്ച് നിര്‍മിച്ച പെയിന്റിങ്ങുകള്‍, ടൂത്ത് പിക്ക് ഉപയോഗിച്ച് നിര്‍മിച്ച ക്യാപിറ്റല്‍ കെട്ടിടത്തിന്റെ വലിയ ശില്‍പ്പം, നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ കഴിയാത്ത സൂക്ഷ്മ ശില്‍പ്പം മുതല്‍ ഏറ്റവും ഉയരം കൂടിയ മനുഷ്യന്റെ ശില്‍പ്പം വരെ.
നൂറ്റമ്പതിലേറെ ആകര്‍ഷകങ്ങളായ കാഴ്ചകളാണു മ്യൂസിയത്തിലുള്ളത്. യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ അല്‍ മന്‍സൂരി ബഹിരാകാശ നിലയത്തില്‍ താമസിച്ചിരുന്നപ്പോള്‍ ധരിച്ച വസ്ത്രങ്ങളും ബഹിരാകാശ ദൗത്യത്തിലെ മറ്റു പ്രധാന വസ്തുക്കളും പ്രദര്‍ശനത്തിലുണ്ട്.
‘ഓഡിറ്റോറിയം’ എന്നു പേരിട്ടിരിക്കുന്ന വിഭാഗത്തില്‍ ട്രൈബല്‍/ജംഗിള്‍, ഹ്യൂമന്‍ ഓഡിറ്റീസ്, വെയര്‍ ഹൗസ്, അമേരിക്കന്‍ ആന്‍ഡ് അറേബ്യന്‍, മാജിക്കല്‍ സ്റ്റുഡിയോ, വൗ സ്പേസ് ഗാലറി എന്നീ ആറ് ഗാലറികളിലായാണു അപൂര്‍വ വസ്തുക്കള്‍ ഒരുക്കിയിരിക്കുന്നത്.
മാര്‍വലസ് മിറര്‍ മെയ്സ് വിഭാഗമാണു മ്യൂസിയത്തിലെ മറ്റൊരു ആകര്‍ഷണം. എല്‍ഇഡി ലെറ്റുകള്‍, ശബ്ദങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന നൂറ് കണ്ണാടികളോടെ ഒരുക്കിയിരിക്കുന്ന 15-30 മിനുട്ട് നീണ്ട പ്രദര്‍ശനത്തില്‍നിന്നു പുറത്തേക്കുള്ള വഴി കണ്ടെത്തുകയെന്നതു ശ്രമകരമായ ദൗത്യമാണ്. വഴി കണ്ടെത്താന്‍ കഴിയാത്തവരെ പുറത്തെത്തിക്കാന്‍ ഓരോ മണിക്കൂര്‍ കൂടുമ്പോഴും സെര്‍ച്ച് സംഘം എത്തും.
ഓഡിറ്റോറിയം വിഭാഗത്തിലേക്കു മാത്രമുള്ള പ്രവേശനത്തിനു 40 ദിര്‍ഹമാണു ടിക്കറ്റ് നിരക്ക്. മിറര്‍ മെയ്സ് പ്രവേശനത്തിന് 25 ദിര്‍ഹവും. രണ്ടുവിഭാഗങ്ങളിലെയും പ്രദര്‍ശനം കാണണമെന്നുണ്ടെങ്കില്‍ 50 ദിര്‍ഹത്തിന്റെ ഒറ്റ ടിക്കറ്റ് എടുത്താല്‍ മതി. കൗതുക വസ്തുക്കളുടെ വില്‍പ്പന കേന്ദ്രവും മ്യൂസിയത്തിലുണ്ട്.
ശനി മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് നാലു മുതല്‍ അര്‍ധരാത്രി വരെയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് നാലു മുതല്‍ പുലര്‍ച്ചെ ഒന്നു വരെയുമാണു പ്രദര്‍ശന സമയം. തിങ്കളാഴ്ചകളില്‍ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി മാത്രമാണു പ്രദര്‍ശനം. അടുത്ത വര്‍ഷം ഏപ്രില്‍ 20 വരെയാണു ദുബയ് ഗ്ലോബല്‍ വില്ലേജില്‍ മ്യൂസിയം പ്രവര്‍ത്തിക്കുക.