ദുബൈ: യുഎഇ നിര്‍മാണരംഗത്തെ വമ്പന്‍ കമ്പനിയായ അറബ്ടെക് തകര്‍ച്ചയുടെ പടുകുഴിയില്‍. ദുബൈയിയുടെ ഐക്കണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന ബുര്‍ജ് ഖലീഫയുടെയും അബൂദബിയിലെ പ്രശസ്തമായ ലൗവ്റെയുടെയും നിര്‍മാതാക്കളായിരുന്ന അറബ് ടെക് ആണ് കോവിഡ് കാലത്ത് ഞെട്ടിക്കുന്ന വീഴ്ച്ചയെ അഭിമുഖീകരിക്കുന്നത്. മാതൃകമ്പനിയായ അറബ്ടെക് ഹോള്‍ഡിങ് ഞായറാഴ്ച്ച ദുബൈ കോടതിയില്‍ പാപ്പര്‍ ഹരജി നല്കി. സബ്സിഡിയറി കമ്പനികളായ അറബ്ടെക് കണ്‍സ്ട്രക്ഷന്‍, ആസ്ട്രിയന്‍ അറേബ്യന്‍ റെഡിമിക്സ് കോണ്‍ക്രീറ്റ് കമ്പനി, അറബ്ടെക് പ്രീകാസ്റ്റ്, എമിറേറ്റ് ഫാല്‍ക്കണ്‍ ഇലക്ട്രോമെക്കാനിക്കല്‍ കമ്പനി എന്നീ നാല് ഉപ കമ്പനികളും സമാനമായ നടപടികളുടെ പാതയിലാണ്.
എന്നാല്‍, മറ്റ് രണ്ട് ഉപ കമ്പനികളായ ടാര്‍ജറ്റ് എന്‍ജിനീയറിങ് കണ്‍സ്ട്രക്ഷന്‍ കമ്പനി, അറബ്ടെക് എന്‍ജിനീയറിങ് സര്‍വീസസ് എന്നിവയെ പാപ്പര്‍ നടപടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എണ്ണ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടാര്‍ജറ്റിന് ഈയിടെ സൗദിയില്‍ 38 ദശലക്ഷം ഡോളറിന്റെ കരാര്‍ ലഭിച്ചിരുന്നു. ടാര്‍ജറ്റും അറബ്ടെക് എന്‍ജിനീയറിങ് സര്‍വീസും വില്‍പ്പന നടത്താനാണ് പദ്ധതി.
300 കോടി ഡോളര്‍ ബാധ്യത
കഴിഞ്ഞ ജൂണ്‍ അവസാനത്തില്‍ അറബ്ടെകിന്റെ ആകെ ബാധ്യത 2.75 ബില്ല്യന്‍ ഡോളറില്‍ എത്തിയിരുന്നു. ഇതില്‍ 500 ദശലക്ഷം ഡോളര്‍ ബാങ്ക് ലോണ്‍ ആണ്. 2020 ആദ്യ പകുതിയില്‍ മാത്രം 216.18 മില്ല്യന്‍ ഡോളറിന്റെ നഷ്ടം വന്നതോടെയാണ് കമ്പനി പിരിച്ചുവിടുന്ന ആലോചനകളിലേക്കു നീങ്ങിയത്. മശ്രിഖ് ബാങ്ക്, അബൂദബി കൊമേഴ്സ്യല്‍ ബാങ്ക് എന്നിവയാണ് കമ്പനിക്ക് പ്രധാനമായും ലോണ്‍ നല്‍കിയിട്ടുള്ളത്.
അറബ് ടെക് ആണ് കോണ്ട്രാക്ടര് എന്ന് പറഞ്ഞാല്‍ അത് പദ്ധതിക്ക് തന്നെ അഭിമാനമായിരുന്ന സ്ഥാനത്ത് നിന്നാണ് വമ്പന്‍ തകര്‍ച്ച. ബാങ്കിനും സബ് കോണ്‍ട്രാക്ടര്‍മാര്‍ക്കും പണം നല്‍കാനുള്ളതിന് പുറമേ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങിക്കിടക്കുകയാണെന്നാണ് റിപോര്‍ട്ട്.
തകര്‍ച്ചയിലേക്ക് നയിച്ചത് അതിമോഹം
സ്വപ്ന പദ്ധതികളായ ബുര്‍ജ് ഖലീഫയുടെയും അടുത്ത കാലത്ത് പൂര്‍ത്തിയായ ലൗവ്റെ അബൂദബിയുടെയും കരാര്‍ നേടിയ കമ്പനി എങ്ങിനെ ഈയൊരു പതനത്തിലേക്കു വീണു എന്ന ചോദ്യമാണ് ഉയരുന്നത്. 653 മില്ല്യന്‍ ഡോളറിന്റെതാണ് ലൗവ്റെ അബൂദബിയുടെ കരാര്‍. അതിവേഗം വലിയ വളര്‍ച്ച നേടാന്‍ ശ്രമിച്ചതാണ് അറബ്ടെകിനെ തകര്‍ത്തതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. നിരവധി ഉപകമ്പനികള്‍ നിര്‍മിക്കുകയും ഒരേ സമയം നിരവധി മാര്‍ക്കറ്റുകളിലേക്കു പ്രവേശിക്കുകയും ചെയ്തു. ആഭ്യന്തര വിപണിയില്‍ ഒരേ സമയം നിരവധി പദ്ധതികള്‍ ഏറ്റെടുത്തതും വിനയായി മാറി.
പദ്ധതികള്‍ക്ക് വിലയിട്ടതിലും അറബ്ടെകിന് വലിയ പാളിച്ച പറ്റിയതായി ചൂണ്ടിക്കാട്ടുന്നു.
ALSO WATCH