അജ്മാന്: യുഎഇയിലെ അജ്മാനില്‍ ബ്രിട്ടീഷ് അധ്യാപികയുടെ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. സ്വകാര്യ രേഖകളും ക്രിസ്മസ് സമ്മാനങ്ങളും ഉള്‍പ്പെടെ വീട്ടിലെ ഭൂരിഭാഗം സാധനങ്ങളും കള്ളന്മാര് കൊണ്ടു പോയി. അജ്മാന് അല്‍ യാസ്മീന് പ്രദേശത്ത് താമസിക്കുന്ന ബെക്കി മേസന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഇവര്‍ വീടുപൂട്ടി പുറത്തുപോയ സമയത്താണ് മോഷണം നടന്നത്. സ്വകാര്യ രേഖകള്‍, ബാങ്കിങ് രേഖകള്‍, സുഗന്ധദ്രവ്യങ്ങള്‍, കുട്ടികളുടെ സമ്മാനങ്ങള്‍, ആഭരണങ്ങള്‍, വാച്ചുകള്‍, അലങ്കാര വസ്തുക്കള്‍ എന്നിങ്ങനെ 70,000 ദിര്‍ഹത്തിന്റെ സാധനങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ബെക്കി മേസന് പറഞ്ഞു. വീടിന്റെ ചുവരില്‍ ഘടിപ്പിച്ചിരുന്ന ടെലിവിഷന്‍ ഇളക്കി എടുക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല. അധ്യാപിക തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്തത് കണ്ടത്. വീടിനുള്ളില്‍ കയറിയപ്പോള്‍ ഭൂരിഭാഗം സാധനങ്ങളും മോഷണം പോയതായി കണ്ടെത്തി. വീട്ടിലെ ഒട്ടുമിക്ക എല്ലാ സാധനങ്ങളും നഷ്ടപ്പെട്ടതിനാല്‍ ഇവര്‍ സുഹൃത്തിന്റെ വീട്ടിലേക്ക് മാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.