ദുബയ്: കൊറോണവ്യാപനത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്ന ദുബയില്‍ പുറത്തിറങ്ങാന്‍ അനുമതിപത്രം തേടി ആളുകളുടെ തിരക്ക്. പോലിസ് തയ്യാറാക്കിയ വെബ്‌സൈറ്റില്‍ ഓരോ മിനിറ്റിലും 1200ഓളം അഭ്യര്‍ഥനകളാണ് ലഭിക്കുന്നത്. ‘മൂവ് പെര്‍മിറ്റ് സൈറ്റിന് മിനിട്ടില്‍ 1200 പെര്‍മിറ്റ് അഭ്യര്‍ഥനകള്‍ മാത്രമേ കൈകാര്യം ചെയ്യാന്‍ സാധിക്കൂ. ചിലപ്പോള്‍ ഓണ്‍ലൈന്‍ ട്രാഫിക് കാരണം പെര്‍മിറ്റ് നല്‍കുന്നത് വൈകും.
ഭക്ഷണം, മരുന്ന് വാങ്ങല്‍, ആശുപത്രി സംബന്ധമായ ആവശ്യങ്ങള്‍ എന്നിവക്ക് മാത്രമേ പെര്‍മിറ്റിന് അപേക്ഷിക്കാവൂ എന്ന് ദുബൈ പൊലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആവശ്യത്തിന് അനുസരിച്ചുള്ള ഭക്ഷ്യവിഭവങ്ങള്‍ സമീപപ്രദേശങ്ങളില്‍ നിന്ന് തന്നെ ലഭിക്കുമെന്നും ഒരു തവണ തന്നെ വേണ്ടത്ര വാങ്ങി സൂക്ഷിച്ചാല്‍ ദിവസവും പുറത്തുപോകുന്നത് ഉപേക്ഷിക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു.