Wednesday, November 30, 2022
HomeNewsfeedപാകിസ്താനെതിരായ തോല്‍വി; ഷമിക്കെതിരേ സംഘികളുടെ സൈബര്‍ ആക്രമണം

പാകിസ്താനെതിരായ തോല്‍വി; ഷമിക്കെതിരേ സംഘികളുടെ സൈബര്‍ ആക്രമണം

ദുബൈ: ലോകകപ്പ് ടി20 മത്സരത്തില്‍(T20 world cup) പാകിസ്താനെതിരെ പത്ത് വിക്കറ്റിന് തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്ക്(Md. Shami) നേരെ സംഘികളുടെ സൈബര്‍ ആക്രമണം(cyber attack). നിരവധി മോശം പരാമര്‍ശങ്ങളാണ് ഷമിക്ക് നേരെ സൈബര്‍ ഇടങ്ങളില്‍ ഉയര്‍ത്തുന്നത. ഷമിയുടെ മതത്തെയും പാകിസ്താനെയും ബന്ധിപ്പിച്ചാണ് ആക്രമണം.

ഒരു മുസ്ലിം പാകിസ്താനോടൊപ്പം നില്‍ക്കുന്നു, എത്ര പണം കിട്ടി തുടങ്ങിയ അധിക്ഷേപങ്ങളാണ് ഷമിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഉള്‍പ്പെടെ സംഘപരിവാര അനുകൂലികള്‍ കമന്റ് ചെയ്തിട്ടുള്ളത്. മലയാളത്തിലും ഹിന്ദിയിലും പച്ചത്തെറി വിളിക്കുന്ന കമന്റുകള്‍ ഉണ്ട്. അതേസമയം, ഷമിക്ക് പിന്തുണയുമായും നിരവധി പേര്‍ രംഗത്തുണ്ട്. ഒരു കളിക്കാരനെ മാത്രം കുറ്റംപറയരുത്, ജയത്തിലും തോല്‍വിയിലും കൂട്ടുത്തരവാദിത്വം കാണിക്കണമെന്നും ഇവര്‍ചൂണ്ടിക്കാണിക്കുന്നു.


ഇംഗ്ലീഷ് താരത്തിനെതിരേ യൂറോയില്‍ വംശീയ ആക്രമണം ഉണ്ടായപ്പോള്‍ ഇംഗ്ലീഷ് താരങ്ങള്‍ മുഴുവന്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സമാനമായി വിരാട് കോലി ഷമിക്ക് വേണ്ടി സംസാരിക്കണമെന്ന് ഫ്രീലാന്‍സ് ജേണലിസ്റ്റായി അഭിഷേക് ഭക്ഷി ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. പത്ത് വിക്കറ്റിനാണ് പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്.


പാകിസ്താനു വേണ്ടി ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും അര്‍ധസെഞ്ചുറി നേടി. ഇന്ത്യന്‍ ബോളിങ് നിരയില്‍ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. മൂന്ന് ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ 25 റണ്‍സും നാല് ഓവര്‍ എറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി 33 റണ്‍സും വിട്ടുകൊടുത്തിരുന്നു. 3 ഓവര്‍ എറിഞ്ഞ് 22 റണ്‍സ് വിട്ടുകൊടുത്ത ജസ്പ്രീത് ബുംറയാണ് കൂട്ടത്തില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ 151 റണ്‍സ് മാത്രമായിരുന്നു നേടാന്‍ സാധിച്ചത്. ഈ മാസം 31ന് ന്യൂസിലന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ടീം ഘടനയിലുള്‍പ്പെടെ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

 

Most Popular