നമ്പറുകളുടെ കളിത്തോഴനായി ഷാര്‍ജയിലെ മലയാളി ബാലന്‍; ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം

4 year old record

ദുബൈ: കോവിഡ് കാലം കുരുന്നുകളുടെ സര്‍ഗശേഷിയും ബുദ്ധിവൈഭവവും ഉണര്‍ന്ന കാലം കൂടിയാണ്. ഗള്‍ഫ് നാടുകളിലെ നിരവധി വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പല മേഖലകളിലും റെക്കോഡിട്ടത്.

അവയില്‍ ഏറ്റവും പുതിയതാണ് ഷാര്‍ജയില്‍ നാലു വയസ്സുള്ള മലയാളി ബാലന്റെ നേട്ടം. 100 മുതല്‍ 1 വരെ താഴോട്ട് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് എണ്ണിയാണ് മുഹമ്മദ് സിദ്‌റീന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടിയത്. ഒരു മിനിറ്റും 48 സെക്കന്റും കൊണ്ടാണ് എണ്ണല്‍ പൂര്‍ത്തിയാക്കിയത്. കൗതുകകരമായ കാര്യം സിദ്‌റീന്‍ എവിടുന്നാണ് ഇത് പഠിച്ചതെന്ന് മാതാപിതാക്കള്‍ക്കു പോലും അറിയില്ലെന്നതാണ്. അവരോ അധ്യാപകരോ 10ന് മുകളില്‍ എണ്ണാന്‍ സിദ്‌റീനെ ഇതുവരെ പഠിപ്പിച്ചിട്ടില്ല.

ഒരു ദിവസം താന്‍ അടുക്കളയിലായിരിക്കുന്ന സമയത്ത് മകന്‍ പിറകിലോട്ട് എണ്ണുന്നത് കേട്ട് താന്‍ അമ്പരന്നു പോയെന്ന് ഉമ്മ ഷൈറ റാഫി ഖാന്‍ പറയുന്നു. എന്നാല്‍, അത് അത്ര അപൂര്‍വ്വമായ കാര്യമാണെന്ന് എനിക്കു തോന്നിയിരുന്നില്ല. എന്നാല്‍, കുടുംബത്തില്‍പ്പെട്ട ചിലരും സുഹൃത്തുക്കളും ഇത് കേട്ടപ്പോഴാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ അപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയത്.

സിദ്‌റീന്‍ ഇപ്പോള്‍ ഒറ്റയക്കവും ഇരട്ടയക്കവും ഉരുവിടാനും ആരംഭിച്ചിട്ടുണ്ട്. ഇതും മാതാപിതാക്കളോ അധ്യാപകരോ പഠിപ്പിച്ചതല്ല. ഒറ്റയും ഇരട്ടയും എന്താണെന്ന് പോലും അറിയാത്ത സിദ്‌റീന്റെ കഴിവ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് കാണുന്നവരെല്ലാം.

സിദ്‌റീന്‍ എല്ലാം വൈകിയായിരുന്നു സ്വായത്തമാക്കിയിരുന്നതെന്ന് ഉമ്മ ഓര്‍ക്കുന്നു. തന്നെ ആദ്യമായി ഉമ്മയെന്ന് വിളിച്ചത് രണ്ടാം വയസ്സിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവന്‍ നിര്‍ത്താതെ സംസാരിക്കുകയാണ്. നമ്പറുകളോട് അവന് വലിയ പ്രിയമാണെന്നും ഷൈറ പറഞ്ഞു.

നല്ല ഓര്‍മശക്തിയുള്ള സിദ്‌റീന്‍ അറബിയിലെ അക്ഷരങ്ങള്‍ മുഴുവന്‍ എഴുതാന്‍ പഠിച്ചിട്ടുണ്ട്. ലോഗോ കണ്ട് കാര്‍ കമ്പനികള്‍ തിരിച്ചറിയാനുള്ള കഴിവുമുണ്ട്. കെട്ടിടത്തിലെ എലിവേറ്റര്‍ താഴോട്ട് പോവുമ്പോള്‍ ഫ്‌ളോറുകളുടെ നമ്പര്‍ മാറുന്നത് കണ്ടായിരിക്കാം സിദ്‌റീന്‍ പിറകിലോട്ട് എണ്ണാന്‍ പഠിച്ചതെന്നാണ് പിതാവിന്റെ നിഗമനം.

Sharjah 4-yr-old sets record with special affinity for numbers