ദുബൈ: ഷാര്‍ജ എന്റര്‍പ്രണര്‍ഷിപ്പ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന് തുടക്കമായി. അഞ്ചുദിവസങ്ങളിലായി നടക്കുന്ന ഷാര്‍ജ എന്റര്‍പ്രണര്‍ഷിപ് ഫെസ്റ്റിവല്‍ ഇത്തവണ വിര്‍ച്വല്‍ പ്രോഗ്രാമാണ്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും സംരംഭകരെ വളര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.
ലോകത്തിന് ഇപ്പോള്‍ മനുഷ്യരാശിയെ പരിഗണിക്കുന്ന നല്ല സംരംഭകരെ ആവശ്യമുണ്ടെന്നും മനുഷ്യരുടെ പരസ്പര ആശ്രയത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നവര്‍ക്കാണ് ലോകത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നതെന്നും ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷകന്‍ ഷെറ ചെയര്‍പേഴ്‌സന്‍ ശൈഖ ബോദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ കാസിമി ചൂണ്ടിക്കാട്ടി. ദുരിതങ്ങളുടെ കാലം നമ്മെ കൂടുതല്‍ ശക്തരാക്കുന്നതിനും വഴിയൊരുക്കിയെന്ന് ശൈഖ ബോദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ കാസിമി വ്യക്തമാക്കി.
‘BeTheHero’ എന്ന പ്രചാരണത്തിലൂടെ സംരംഭകരെ പ്രചോദിപ്പിക്കുകയും അതുവഴി അവരുടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുകയെന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അനിശ്ചിതത്വം നിറഞ്ഞ ഈ കാലഘട്ടത്തില്‍ മാറ്റത്തിന്റെ വേഗത്തില്‍ നില്‍ക്കുമ്പോള്‍ ലോകം അന്വേഷിക്കുന്ന നായകനാവാന്‍ കഴിയുമോ എന്ന് ആരാഞ്ഞ ഷെറ സി.ഇ.ഒ നജ്ല അല്‍ മിഡ്ഫ, സാധാരണക്കാരായ സംരംഭകരാണ് സമൂഹത്തില്‍ അസാധാരണ സ്വാധീനം ചെലുത്തുന്നതെന്ന് വെര്‍ച്വല്‍ സദസ്സിനെ ഓര്‍മിപ്പിച്ചു.
വിവിധ രാജ്യങ്ങളില്‍ വിജയകരമായി സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് നേതൃത്വം നല്‍കിയ വിദഗ്ധരോടൊപ്പം 50ഓളം പ്രഭാഷകരുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. പരിസ്ഥിതി, സമൂഹം, എളുപ്പത്തിലുള്ള സംവേദനം തുടങ്ങിയ വിഷയങ്ങളും അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും. പാനല്‍ ചര്‍ച്ചകള്‍, ഇന്ററാക്ടിവ് ശില്‍പശാലകള്‍, മോട്ടിവേറ്റിങ് സെഷന്‍ തുടങ്ങിയ പരിപാടികളാണുള്ളത്. പ്രവേശനം സൗജന്യമാണ്.