കെട്ടിടത്തിന്റെ 10ാം നിലയില്‍ നിന്ന് വീണ് 15കാരി മരിച്ചു

blood-crime-murder

ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് വീണ് 15 വയസുള്ള ഇന്ത്യക്കാരി മരിച്ചു. ഷാര്‍ജ പോലിസിനെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

സംഭവം ആത്മഹത്യയാണോ എന്ന കാര്യം പോലിസ് പരിശോധിച്ചുവരികയാണ്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി. വീഴ്ച്ചയിലുണ്ടായ ഗുരുതര പരിക്കിനെ തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. പെണ്‍കുട്ടിയെ കുവൈത്ത് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

ഷാര്‍ജ പോലിസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പോലിസ് ചോദ്യം ചെയ്തു.

കഴിഞ്ഞ മാസം 16 വയസുള്ള ജോര്‍ദാന്‍ ബാലന്‍ ഷാര്‍ജ അല്‍ ഖാസിമിയ ഏരിയയിലുള്ള കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു താഴേക്കു ചാടി മരിച്ചിരുന്നു.