Wednesday, January 26, 2022
HomeNewsfeedഷാര്‍ജയില്‍ ജുമുഅ പ്രാര്‍ഥനാ സമയത്തില്‍ മാറ്റമുണ്ടാവില്ല

ഷാര്‍ജയില്‍ ജുമുഅ പ്രാര്‍ഥനാ സമയത്തില്‍ മാറ്റമുണ്ടാവില്ല

ഷാര്‍ജ: ഷാര്‍ജയിലെ പള്ളികളില്‍ വെള്ളിയാഴ്ച പ്രഭാഷണവും പ്രാര്‍ഥനയും നിലവിലെ സമയങ്ങളില്‍ തുടരും. ജനുവരി 1 മുതല്‍ മറ്റു എമിറേറ്റുകളില്‍ വെള്ളിയാഴ്ച്ച പകുതി പ്രവര്‍ത്തി ദിനമാണെങ്കിലും ഷാര്‍ജയില്‍ പൂര്‍ണ അവധി തുടരാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമയമാറ്റം ഇല്ലാത്തത്.

വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനാ സമയങ്ങളില്‍ കാലതാമസം ഉണ്ടാകില്ലെന്ന് ഷാര്‍ജ ഇസ്ലാമിക് അഫയേഴ്സ് വകുപ്പ് പറഞ്ഞു. കോവിഡ് സുരക്ഷാ നടപടികളെല്ലാം പാലിക്കാന്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചു.

രാജ്യം പുതിയ വാരാന്ത്യ അവധി ക്രമത്തിലേയ്ക്കു മാറുന്നതനുസരിച്ച് 2022 ജനുവരി 1 മുതല്‍ ഉച്ചയ്ക്ക് 1.15 ന് ശേഷമായിരിക്കും യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രഭാഷണങ്ങളും പ്രാര്‍ഥനകളും നടക്കുകയെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഷാര്‍ജയിലൊഴിച്ച് മറ്റെല്ലാ എമിറേറ്റുകളിലും വെള്ളിയാഴ്ച അര്‍ധദിനം, ശനി, ഞായര്‍ എന്നിവ പുതിയ വാരാന്ത്യമായി മാറും.

എന്നാല്‍, ഷാര്‍ജ മൂന്നു ദിവസത്തെ വാരാന്ത്യമാണു പ്രഖ്യാപിച്ചിരിക്കുന്നത്. എമിറേറ്റിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങള്‍ക്കൊപ്പം വെള്ളിയാഴ്ചയും അവധി തുടരും. സ്‌കൂളുകളും ഇതേ പ്രവൃത്തിവാരം പിന്തുടരും.

Most Popular