Thursday, December 2, 2021
HomeGulfUAEഷാര്‍ജയില്‍ ഫ്‌ളാറ്റില്‍ തീപ്പിടിത്തം; രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു

ഷാര്‍ജയില്‍ ഫ്‌ളാറ്റില്‍ തീപ്പിടിത്തം; രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു

ദുബൈ: ഷാര്‍ജയിലെ താമസ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് ഫിലിപ്പീന സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.25 ഓടെ ഷാര്‍ജ വഹ്ദ റോഡിനടുത്തുള്ള അല്‍ താവൂന്‍ പ്രദേശത്തെ കെട്ടിടത്തിലാണ് സംഭവം. പരിക്കേറ്റ സ്ത്രീകളെ ഉടന്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനധികൃതമായി ചെറിയ മുറികളായി വിഭജിച്ച ഫ്‌ളാറ്റിലായിരുന്നു തീപ്പിടിത്തം. ഇവിടെ ഒരു ഡസനിലധികം താമസക്കാരെ കണ്ടെത്തിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ രീതിയില്‍ ഫ്‌ളാറ്റ് വിഭജിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് തീപിടുത്തമുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു. ചട്ടങ്ങള്‍ പാലിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.

രാവിലെ 7.30 ഓടെ തീപ്പിടിത്തത്തെകുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് സാംനന്‍, അല്‍ മിന എന്നിവിടങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ടീമുകള്‍ സ്ഥലത്തെത്തി തൊട്ടടുത്തുള്ള അപ്പാര്‍ട്ടുമെന്റുകളിലേക്ക് തീ പടരുന്നത് തടഞ്ഞു. കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. 15 മിനിറ്റിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഫ്‌ളാറ്റിന്റെ അടുക്കളയില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് ഷാര്‍ജ പോലീസിന്റെ പ്രാഥമിക നിഗമനം.

Most Popular