Wednesday, January 26, 2022
HomeEdiotrs Pickമലയാളികളോടും കേരളത്തോടും ഇഷ്ടം പുലര്‍ത്തിയ ശെയ്ഖ് ഹംദാന്‍

മലയാളികളോടും കേരളത്തോടും ഇഷ്ടം പുലര്‍ത്തിയ ശെയ്ഖ് ഹംദാന്‍

അബൂദബി: ഇന്നലെ വിട പറഞ്ഞ ശെയ്ഖ് ഹംദാന്റെ വിയോഗം ദുബയിലെ മലയാളികള്‍ക്കും വലിയ നഷ്ടമാണ്. മലയാളികളോടും കേരളത്തോടും പ്രത്യേക ഇഷ്ടം വച്ചുപുലര്‍ത്തിയിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. ശെയ്ഖ് ഹംദാന്റെ സന്തത സഹചാരിയായ തൃശൂര്‍ ചാവക്കാട് ഒരുമനയൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ ഹാജി ഇക്കാര്യം സ്ഥിരീകരിക്കുന്നു. അഞ്ചു പതിറ്റാണ്ടിലേറെയായി ശെയ്ഖ് ഹംദാന്റെ സന്തത സഹചാരിയാണ് അദ്ദേഹം.

1968ല്‍ ആണ് അബ്ദുല്‍ ഖാദര്‍ ശെയ്ഖ് ഹംദാന്റെ പാലസിലെത്തിയത്. അന്നുമുതല്‍ മരണം വരെ ശെയ്ഖ് ഹംദാന്റെ വ്യക്തിപരമായ കാര്യങ്ങള്‍ നോക്കിയിരുന്നത് അബ്ദുല്‍ ഖാദറായിരുന്നു. ഭക്ഷണവും മരുന്നുമെല്ലാം അബ്ദുല്‍ ഖാദര്‍ എടുത്തു കൊടുത്താലേ തൃപ്തിയാകൂ. വിദേശത്തു പോകുമ്പോഴും ഒട്ടേറെ തവണ അനുഗമിച്ചിരുന്നു. പാലസിലെ രണ്ടായിരത്തിലേറെ ജീവനക്കാരില്‍ പകുതിയിലേറെയും മലയാളികള്‍. ഇതില്‍ പലരെയും അബ്ദുല്‍ ഖാദറാണ് ദുബയിലെത്തിച്ചത്. ജീവനക്കാരോട് പ്രത്യേകം കരുതല്‍ കാണിച്ചിരുന്ന ശെയ്ഖ് ഹംദാന്‍ അവരുടെ എന്ത് ആവശ്യവും നിവര്‍ത്തിച്ചുകൊടുത്തിരുന്നതായി അബ്ദുല്‍ ഖാദര്‍ പറയുന്നു.

വിദേശികള്‍ക്കു ദുബയില്‍ ചെലവു കുറഞ്ഞ താമസ സൗകര്യത്തിനായി ശെയ്ഖ് ഹംദാന്‍ കോളനി എന്ന പേരില്‍ കെട്ടിടങ്ങള്‍ പണിതിരുന്നു. കരാമയിലും ഖിസൈസിലുമുള്ള ഈ കെട്ടിടങ്ങളിലെ താമസക്കാരില്‍ കൂടുതലും മലയാളികളാണ്. കോവിഡ് കാലത്ത് ഷെയ്ഖ് ഹംദാന്‍ കോളനിയിലെ താമസക്കാര്‍ക്കും കച്ചവടക്കാര്‍ക്കും വാടകയിലും ഇളവു നല്‍കിയിരുന്നു.
ALSO WATCH

Most Popular