സിഐഡി ചമഞ്ഞ് തട്ടിപ്പ്; മൂന്നുപേര്‍ക്ക് ആറ് മാസം തടവ്

jail

ദുബൈ: പോലിസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്നു പേര്‍ക്ക് ദുബൈ കോടതി ആറ് മാസം തടവ് വിധിച്ചു. ഒരാളെ തട്ടിക്കൊണ്ടുപോകുകയും ആക്രമിക്കുകയും ചെയ്ത അറബ് പൗരനുള്‍പ്പെടെയുള്ളവര്‍ക്കാണ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്കു ശേഷം ഇവരെ നാടുകടത്തും.

കഴിഞ്ഞവര്‍ഷം ആഗസ് 20നാണ് കേസിനാസ്പദമായ സംഭവം. രാത്രി പുറത്തിറങ്ങിയ വഴിയാത്രക്കാരനെ തടഞ്ഞുനിര്‍ത്തി വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നു. സിഐഡിമാര്‍ ആണെന്നും 5,000 ദിര്‍ഹം തന്നാല്‍ വിട്ടയയ്ക്കാമെന്നും പറഞ്ഞു. പണമില്ലെന്നു പറഞ്ഞപ്പോള്‍ മര്‍ദിക്കുകയും സുഹൃത്തുക്കളെ വിളിച്ച് പകുതി പണമെങ്കിലും കൊണ്ടുവരാന്‍ നിര്‍ദേശിക്കുകയായുമായിരുന്നു. സുഹൃത്ത് വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് തന്ത്രപരമായി പ്രതികളെ പിടികൂടി

സിഐഡി ചമഞ്ഞ് പൊതുജനങ്ങളെ സമീപിക്കുകയും ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ള സാധനങ്ങളോ തട്ടിയെടുക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

പോലിസെന്ന് അവകാശപ്പെട്ട് ആരെങ്കിലും സമീപിച്ചാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കണമെന്നും കാണിക്കാനുള്ള ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സംശയം തോന്നിയാല്‍ പൊലീസിനെ വിളിക്കുകയോ സമീപത്തെ സ്റ്റേഷനില്‍ അറിയിക്കുകയോ ചെയ്യാം. 999, 80040 എന്നീ നമ്പറുകളിലോ ടോള്‍ഫ്രീ നമ്പറായ 800151 ലോ ബന്ധപ്പെടാവുന്നതാണ്.