യുഎഇയില്‍ കേരള സിലബസ് എസ്എസ്എല്‍സി, പ്ലസ് ടു പ്രീമോഡല്‍ പരീക്ഷ തുടങ്ങി

uae sslc pre model exam

അബൂദബി: എസ്എസ്എല്‍സി, പ്ലസ് ടു ബോര്‍ഡ് പരീക്ഷയ്ക്കു മുന്നോടിയായി യുഎഇയില്‍ പ്രീ മോഡല്‍ പരീക്ഷകള്‍ തുടങ്ങി. ഈ വര്‍ഷം മുതലുള്ള പുതിയ പരീക്ഷാ രീതി പരിചയപ്പെടുത്തുന്നതിനാണ് സ്‌കൂള്‍ തലത്തില്‍ പ്രീ മോഡല്‍ നടത്തുന്നത്. പതിവു റിവിഷന്‍ ടെസ്റ്റുകള്‍ പഴയ രീതിയില്‍ നടത്തിയതിനാലാണ് പ്രീമോഡല്‍ പരീക്ഷ കൂടി നടത്തുന്നതെന്ന്
അധികൃതര്‍ അറിയിച്ചു.

കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് പ്രീമോഡല്‍. സിബിഎസ്ഇ വിദ്യാര്‍ഥികളുടെ പരീക്ഷ മേയിലേക്കു നീട്ടിയതിനാല്‍ മാര്‍ച്ച് രണ്ടാം വാരത്തിലായിരിക്കും ഇവര്‍ക്കു മോഡല്‍ പരീക്ഷ. ഫോക്കസ് ഏരിയയ്ക്കാണ് പ്രീമോഡല്‍ ചോദ്യപേപ്പറില്‍ പ്രാധാന്യം. പുതിയ പരീക്ഷാ രീതിയോടു പൊരുത്തപ്പെടാനും സമയക്രമം പാലിക്കാനും ആശങ്കയകറ്റാനും ഇത് ഉപകരിക്കും. മാര്‍ച്ച് 1 മുതല്‍ 5 വരെ ബോര്‍ഡ് നടത്തുന്ന മോഡല്‍ പരീക്ഷ കൂടി കഴിയുന്നതോടെ വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം കൂടുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

എസ്എസ്എല്‍സി 17 മുതല്‍ 30 വരെയും പ്ലസ് ടു 17 മുതല്‍ 29 വരെയുമാണ് യുഎഇയില്‍ പരീക്ഷ. ഈ പരീക്ഷകള്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമായിരിക്കും പ്രാക്ടിക്കല്‍. തീയതി പിന്നീട് അറിയിക്കും. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പരീക്ഷാ ഹാളില്‍ വിദ്യാര്‍ഥികളുടെ സീറ്റ് ക്രമീകരണം.