തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക സംസ്ഥാന ഐടി വകുപ്പ് ജീവനക്കാരി സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന സുരേഷ് ഐടി വകുപ്പിനു കീഴിലെ ഓപ്പറേഷണല്‍ മാനേജര്‍ ആയിരുന്നു.
സ്വര്‍ണക്കടത്ത് പിടികൂടിയതിനെ തുടര്‍ന്ന് സ്വപ്ന സുരേഷ് ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ചില ഉന്നതരുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മറ്റൊരു കേസില്‍ സ്വപ്ന സുരേഷിനെ പ്രതിചേര്ക്കാനിരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥനെതിരെ കള്ള പരാതി നല്‍കുകയും ആള്‍മാറാട്ടം നടത്തി പരാതിക്കാരിയെ ഹാജരാക്കുകയും ചെയ്തു എന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഈ കേസിലെ അന്വേഷണം നടന്നുവരികയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
മുഖ്യന്ത്രിയുടെ ഓഫിസുമായി അവിഹിത ബന്ധമെന്ന് ബിജെപി
അതേ സമയം, സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ക്രൈംബ്രാഞ്ച് കേസില്‍ പ്രതിയായ സ്വപ്ന ഐടി വകുപ്പില്‍ തുടര്‍ന്നത് ഇതിന്റെ തെളവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.
സ്വപ്ന സുരേഷ് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വ്യാജരേഖ കേസില്‍ പ്രതി ചേര്‍ക്കാനിരിക്കുന്ന വ്യക്തിയാണ്. രണ്ട് തവണ ഇവരെ ചോദ്യം ചെയ്തതുമാണ്. ഇത് ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും അറിയാം. എന്നിട്ടും എങ്ങനെയാണ് മുഖ്യമന്ത്രിക്ക് കീഴിലെ ഒരു വകുപ്പില്‍ സുപ്രധാന സ്ഥാനത്ത് ഇവര്‍ എത്തിയതെന്നും കെ സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടിക്കപ്പെട്ടപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യം വിളി വന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമം നടന്നത്. ഐടി വകുപ്പ് സെക്രട്ടറിയുടെ അടക്കം ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇവരുമായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവിഹിതബന്ധം പുറത്ത് വരുമെന്നും സുരേന്ദ്രന് പറഞ്ഞു.
ഐടി സെക്രട്ടറിയുമായി ബന്ധമുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെയെയാണ് ഇവര്‍ ഐടി വകുപ്പിന് കീഴിലെ പ്രധാന ചുമതലയില്‍ ഇരുന്നത്. കെ ഫോണ്‍ അടക്കമുള്ളവയുടെ ചുമതല അവര്‍ക്കായിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് നിരവധി ആരോപണങ്ങള്‍കൊണ്ട് പുറത്താക്കപ്പെട്ട ഒരാള്‍ എങ്ങനെയാണ് ഐടി വകുപ്പിന്റെ ഉന്നത സ്ഥാനത്ത് വന്നതെന്നും സുരേന്ദ്രന് ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് കോണ്‍സുലേറ്റിലെ പിആര്‍ഒ എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.