Wednesday, December 1, 2021
HomeNewsfeedദുബയില്‍ മലയാളി യുവതിയുടെ ദുരൂഹ മരണം; നീതി തേടി കുടുംബം

ദുബയില്‍ മലയാളി യുവതിയുടെ ദുരൂഹ മരണം; നീതി തേടി കുടുംബം

അഴീക്കോട്: കഴിഞ്ഞ വര്‍ഷം ദുബയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷബ്‌നയുടെ കുടുംബം നീതി തേടുന്നു. 2020 ഏപ്രില്‍ 23നാണ് അഴീക്കോട് മരപ്പാലത്തിന് തെക്കുവശം കടവില്‍ ഇസ്ഹാഖ് സേട്ടുവിന്റെ മകളും മാള പള്ളിപ്പുറം കടവില്‍ ഇഖ്ബാലിന്റെ ഭാര്യയുമായ ഷബ്‌ന (44) മരിച്ചത്. പയ്യന്നൂര്‍ സ്വദേശികളായ ദമ്പതികളുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ പൊള്ളലേറ്റാണ് മരിച്ചത്.

ഷബ്‌നയെ ആശുപത്രിയില്‍ എത്തിക്കാനോ ചികിത്സ ലഭ്യമാക്കാനോ തൊഴിലുടമ തയാറായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. കഠിന വേദന സഹിച്ച് കാഴ്ചശക്തി പോലും നശിച്ച ഷബ്ന ഒരാഴ്ചക്കുശേഷം ജോലിക്കുനിന്ന വീട്ടില്‍വച്ച് തന്നെ മരിക്കുയായിരുന്നു. അപകടം സംഭവിച്ച കാര്യം നാട്ടിലോ ദുബയില്‍ ജോലി ചെയ്തിരുന്ന ഷബ്നയുടെ മകനെയോ യഥാസമയം അറിയിച്ചിരുന്നില്ല.

മൃതദേഹം ദുബയില്‍ തന്നെ മറവ് ചെയ്യാനും ശ്രമം നടന്നിരുന്നു. എന്നാല്‍, സാമൂഹിക പ്രവര്‍ത്തകരുടേയും കേരള പ്രവാസി സംഘം കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റിയുടെയും ശ്രമഫലമായി നാട്ടിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി മറവു ചെയ്യുകയായിരുന്നു. ഇതു സംബന്ധിച്ച് യുഎഇയിലും നാട്ടിലും കേസ് നിലവിലുണ്ട്. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അത് എവിടെയും എത്തിയില്ല.

കുട്ടിയെ കുളിപ്പിക്കാന്‍ കരുതിവെച്ച ചൂടുവെള്ളം മറിഞ്ഞുവീണ് പൊള്ളലേറ്റതാണെന്ന് വീട്ടുടമ പറഞ്ഞിരുന്നു. എന്നാല്‍, ആസിഡ് പോലുള്ള ദ്രാവകം ശരീരത്തില്‍ വീണ് ആന്തരികാവയവങ്ങള്‍ തകരാറിലായതാണ് മരണ കാരണമെന്നാണ് നാട്ടിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

സന്ദര്‍ശകവിസ നല്‍കി കൊണ്ടുപോകുകയും വീട്ടുജോലികള്‍ ചെയ്യിക്കുകയും മറ്റൊരു കുടുംബത്തിന് കൈമാറുകയും ചെയ്തവര്‍ക്കെതിരെയും നാട്ടില്‍ പരാതിയുണ്ട്. എന്നാല്‍, മറ്റൊരു രാജ്യത്തുണ്ടായ സംഭവമായതിനാല്‍ തെളിവ് ശേഖരിക്കാന്‍ പരിമിതികളുണ്ടെന്നാണ് പൊലീസ് നിലപാട്.

കഴിഞ്ഞദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ഷബ്നയുടെ കുടുംബവും കേരള പ്രവാസി സംഘം നേതാക്കളും നടത്തിയ കൂടിക്കാഴ്ചയില്‍ നിയമപരമായ സഹായം വാഗ്ദാനം ചെയ്തതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. കേസ് സജീവമാക്കുകയും നാട്ടിലും യുഎഇയിലും ഇടപെടല്‍ നടത്തി നീതി ലഭ്യമാക്കുകയുമാണ് ലക്ഷ്യം.

 

Most Popular