അബൂദബി: ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസുഫലിയുടെ സഹായത്തില്‍ വധശിക്ഷയില്‍ നിന്ന് മോചിതനായ തൃശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട സ്വദേശി ബെക്സ് കൃഷ്ണന് നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഔട്ട് പാസ് ലഭിച്ചു. മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അധികം വൈകാതെ ബെക്സ് നാട്ടിലേക്ക് യാത്ര തിരിക്കുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ പറഞ്ഞു. അബൂദബിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോടതി വിധിച്ച വധശിക്ഷയില്‍ നിന്ന് യൂസുഫലിയുടെ സഹായത്താലാണ് ബെക്സ് കൃഷ്ണന് മോചനം നേടിയത്.
അബൂദബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്നു ബെക്സ്. 2012 സപ്തംബര്‍ ഏഴിനാണ് ബെക്സിന്റെ ജീവിതം തകിടം മറിച്ച അപകടം നടന്നത്. ജോലി സംബന്ധമായി മുസഫയിലേയ്ക്ക് പോകവെയായിരുന്നു സംഭവം. കാറപടത്തില്‍ സുദാന്‍ പൗരനായ കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബൂദബി പോലിസ് ബെക്സിനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍, കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ല്‍ ബെക്സിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
ഇതേതുടര്‍ന്ന് തകര്‍ന്നുപോയ കുടുംബം, ബന്ധു ടി സി സേതുമാധവന്റെ നേതൃത്വത്തില്‍ യൂസുഫലിയെ ബന്ധപ്പെട്ട് മോചനത്തിനായി ഇടപെടണമെന്ന് അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരന്തര ചര്‍ച്ചകള്‍ നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) ദിയാ ധനം നല്കിയാല് മാപ്പ് നല്‍കാമെന്ന് കുടുംബം സമ്മതിക്കുകയായിരുന്നു. ഇതിനാവശ്യമായ പണം യൂസുഫലിയാണ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്.
ALSO WATCH