അബുദാബി: യുഎഇ തല്സ്ഥാനമായ അക്വേറിയത്തില്‍ 7 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പിന് ഇനി സുഖ വാസം. അല്‍ ഖനായിലെ ദ് നാഷനല്‍ അക്വേറിയത്തിലെ ‘മഴക്കാടുകളില്‍’ 8,000ല്‍ ഏറെ ജീവികള്‍ക്കൊപ്പമാണ് പെരുമ്പാമ്പിന് താമസമൊരുക്കിയിരിക്കുന്നത്.
തെക്കുകിഴക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന നീളവും ഭംഗിയും കൂടിയ റെറ്റിക്കുലേറ്റഡ് പെരുമ്പാമ്പ് ആണിത്. 14 വയസ്സുള്ള പെണ്‍പാമ്പിന് 115 കിലോയാണു ഭാരം. നെടുനീളത്തില്‍ താങ്ങിയെടുക്കണമെങ്കില്‍ 12 പേര്‍ വേണം. താറാവും മുയലുമാണ് ഇഷ്ടഭക്ഷണം. നിലവിലുള്ളതില്‍ ഏറ്റവും വലുതാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. വിഷമില്ലാത്ത ഇവ, ഇരകളെ ചുറ്റിവരിഞ്ഞ് വിഴുങ്ങുകയാണ് ചെയ്യുക. ഒരു മനുഷ്യനെ മുഴുവനായി വിഴുങ്ങാനും ഇത്തരം പെരുമ്പാമ്പുകള്‍ക്ക് കഴിയും.
വലുപ്പത്തല്‍ മാത്രമല്ല, നീന്തലിലും മുന്നിലാണിവളെന്ന് അക്വേറിയത്തിന്റെ ചുമതലയുള്ള ബിയാട്രിസ് മക്വീറ പറയുന്നു. സാധാരണ നിലയില്‍ ഈയിനം പാമ്പുകള്‍ 5 മീറ്ററിലേറെ വളരും. 10 മീറ്ററാണ് ഇതുവരെയുള്ള റെക്കോര്‍ഡ്. അക്വേറിയത്തില്‍ വിവിധയിനത്തില്‍പ്പെട്ട 200ല്‍ ഏറെ സ്രാവുകളും മറ്റു മത്സ്യങ്ങളുമുണ്ട്.