ദുബൈയിലെ ജൈടെക് വാരാഘോഷത്തില്‍ കൗതുകമുണര്‍ത്തി ലോകത്തിലെ ചെറിയ ജി.പി.എസ് ട്രാക്കര്‍

gps tracker

ദുബൈ: വാഹനങ്ങളെയും വസ്തുക്കളെയും ട്രാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ജി.പി.എസ് ഉപകരണരംഗത്ത് വലിയ വിപ്ലവമാണ് നടക്കുന്നത്. ഉള്ളംകൈയില്‍ വെക്കാവുന്ന വലുപ്പമുള്ള ട്രാക്കിമോ ആണ് പുതിയ അവതാരം. ദുബൈയില്‍ നടക്കുന്ന ജൈടെക് വാരാഘോഷത്തിലാണ് കൗതുകമുണര്‍ത്തുന്ന ജി.പി.എസ് രംഗത്തെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ ജി.പി.എസ് ട്രാക്കറെന്ന പ്രത്യേകത കൂടിയുള്ള ഈ ഉപകരണം ബ്ലൂടൂത്തുമായി ബന്ധിപ്പിക്കാന്‍ കഴിയും.

നാല് സെന്റിമീറ്റര്‍ മാത്രമുള്ള ഈ ട്രാക്കിങ്ങ് ഉപകരണം തത്സമയ ട്രാക്കിങ്ങും ലോകമെമ്പാടുമുള്ള കവറേജ് ഉപയോഗിച്ച് എവിടെനിന്നും ട്രാക്കുചെയ്യാന്‍ ഉടമയെ അനുവദിക്കുന്നു. ജിയോ ഫെന്‍സിങ്ങ്, സ്പീഡ് മോണിറ്ററിങ്ങ്, എസ്.ഒ.എസ് ബട്ടണ്‍, ഒരു അക്കൗണ്ടില്‍ ഒന്നിലധികം ഉപകരണങ്ങള്‍ നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ പോലുള്ള സവിശേഷതകള്‍ ഈ ഉപകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുട്ടിയുടെ കൈയില്‍ സ്മാര്‍ട്ട് ഫോണില്ലെങ്കിലും ബാഗില്‍ ട്രാക്കിമോ ഉപകരണമുണ്ടെങ്കില്‍ രക്ഷിതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വഴി ട്രാക്ക് ചെയ്യാനാവും. കുട്ടിയുടെ സുരക്ഷക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന രക്ഷാകര്‍ത്താവിന് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും ഈ ഉപകരണമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. കുട്ടികളെ കാറിലിരുത്തി ഷോപ്പിങ് ചെയ്യുകയാണെങ്കില്‍ കാറിലെ ചൂടിന്റെ വ്യതിയാനം കൃത്യമായി രക്ഷിതാക്കളുടെ മൊബൈലില്‍ അലര്‍ട്ടായി എത്താനും ഉപകരണത്തില്‍ സംവിധാനമുണ്ട്. ജൈടെക്‌സില്‍ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും താമസിയാതെ ദുബൈയില്‍ വിപണന കേന്ദ്രം ആരംഭിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.