ദുബയ്: മൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ഡ്രൈവർക്ക് യുഎഇ കോടതി അഞ്ച് വർഷം ജയിൽ ശിക്ഷ വിധിച്ചു. പ്രവാസിയായ ഫാമിലി ഡ്രൈവറുടെ പീഡനത്തിനിരയായ ശേഷം കുട്ടിയുടെ മാനസിക നില താളം തെറ്റിയതായി അമ്മ പോലീസിന് മൊഴി നൽകിയിരുന്നു. അഞ്ച് വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷം ഇയാളെ നാടുകടത്തും. വീട്ടിലെ ജോലിക്കാരിയുടെ ഭർത്താവ് കൂടിയാണ് പ്രതി.
വീട്ടിൽ തന്നെ താമസിച്ചിരുന്ന 57 വയസ്സുകാരനായ ഡ്രൈവറാണ് ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വീട്ടിലെ മറ്റാരുടെയും ശ്രദ്ധയിൽ പെടാത്തപ്പോഴായിരുന്നു പീഡനം. അൽ ബർഷ പോലീസ് സ്റ്റേഷനിൽ കുട്ടിയുടെ അമ്മ പരാതി നൽകിയതോടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിയുമായി കുട്ടിയുടെ അമ്മ കരഞ്ഞുകൊണ്ടാണ് പോലീസ് സ്റ്റേഷനിലെത്തിയതെന്ന് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനും മൊഴി നൽകിയിരുന്നു.
സമീപത്തുള്ള ഏതാനും കുട്ടികളെ നഴ്സറിയിൽ കൊണ്ടാക്കുന്നത് ഇയാളായിരുന്നു. അതുകൊണ്ട് തന്റെ മകനെയും നഴ്സറിയിലാക്കാൻ അമ്മ പ്രതിയെ ഏൽപ്പിച്ചു. പരാതി നൽകിയതിന് ഏകദേശം ഒഴാഴ്ച മുമ്പാണ് അയൽവാസികളിൽ നിന്ന് ഇയാൾ അവരുടെ മക്കളെ ശല്യം ചെയ്തതായുള്ള വിവരങ്ങൾ അറിഞ്ഞത്. ഇതോടെ കുട്ടിയെ ഇയാൾക്കൊപ്പം നഴ്സറിയിൽ വിടുന്നത് നിർത്തി. തുടർന്നാണ് കുട്ടി പീഡനവിവരം തുറന്നുപറയുന്നത്.
ഡ്രൈവറെ തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ കുട്ടി, അയാൾ ചെയ്തതൊക്കെയും അമ്മയോട് വിവരിച്ചു. ഇതോടെയാണ് ഉടൻ തന്നെ അമ്മ പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രതി നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നെന്നും കഠിനമായ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.