കോവിഡ് കാലത്ത് 20 കോടിയുടെ ഭാഗ്യം കടാക്ഷിച്ച് പ്രവാസി മലയാളി

big-ticket-winner-dileep-kumar

അബൂദബി: ഭൂരിഭാഗത്തിനും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ച കോവിഡ് കാലത്ത് കോടിപതിയായി ഒരു മലയാളി. തൃശൂര്‍ ജില്ലക്കാരാനായ ദിലീപ് കുമാര്‍ ഇല്ലിക്കോട്ടില്‍ പരമേശ്വരനാണ് ആ ഭാഗ്യവാന്‍. ഇന്ന് നറുക്കെടുത്ത 215ാം സീരീസിലെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ദിലീപിനെ ഭാഗ്യം തേടിയെത്തിയത്. 76713 എന്ന നമ്പറിലൂടെ ഒരു കോടി ദിര്‍ഹം (20 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമാണ് ദിലീപിന് സ്വന്തമായത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി കുടുംബത്തോടൊപ്പം അജ്മാനിലാണ് ദിലീപ് താമസിക്കുന്നത്. ഒരു ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് കമ്പനിയില്‍ ജോലിക്കാരനായ ഇദ്ദേഹം ഏപ്രില്‍ 14ന് എടുത്ത 76713 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്.

ബിഗ് ടിക്കറ്റ് അധികൃതരാണ് തനിക്ക് ഒന്നാം സമ്മാനം ലഭിച്ചുവെന്ന വാര്‍ത്ത ദിലീപിനെ വിളിച്ചറിയിച്ചത്. തന്റെ കട ബാധ്യതകള്‍ തീര്‍ക്കാന്‍ ഈ തുകയില്‍ ഒരു ഭാഗം വിനിയോഗിക്കുമെന്നാണ് ദിലീപ് പറയുന്നത്. എല്ലാ മാതാപിതാക്കളേയും പേലെ തന്റെ പതിനാറും ഒന്‍പതും വയസ് പ്രായമുള്ള മക്കളുടെ ഭാവി വിദ്യാഭ്യാസം തന്നെയാണ് ദിലീപിന്റെയും പ്രധാന ലക്ഷ്യം.