വിമാനയാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട ഉമ്മയ്ക്കും മക്കള്‍ക്കും അര മണിക്കൂറിനകം വിസയും ചികില്‍സയും ഒരുക്കി ദുബൈ; കരുണയുടെ തണലില്‍ പിറന്നുവീണത് മൂന്ന് കണ്‍മണികള്‍

triplets-uae

ദുബൈ: ഒമാനില്‍ നിന്ന് ബെയ്‌റൂത്തിലുള്ള യാത്രയ്ക്കിടെ ട്രാന്‍സിറ്റ് വീസയില്‍ ദുബൈ വിമാനത്താവളത്തിലെത്തിയ സിറിയന്‍ വനിതയ്ക്ക് അബൂദബിയില്‍ സുഖപ്രസവം. ദുബൈ അധികൃതരുടെ കാരുണ്യത്തില്‍ പിറന്നുവീണത് മൂന്ന് കണ്‍മണികള്‍. ഒമാനില്‍ നിന്ന് ബെയ്‌റൂത്തിലേയ്ക്ക് പോകുന്നതിനിടെയാണ് പൂര്‍ണ ഗര്‍ഭിണിയായ ഈമാന്‍ ഉബൈദ് (29) ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്. കൂടെ മറ്റു മൂന്ന് മക്കളുമുണ്ടായിരുന്നു. പ്രസവവേദനയെ തുടര്‍ന്ന് അവശയായ ഈമാനെക്കുറിച്ച് വിമാനത്താവളത്തില്‍ അപ്പോഴുണ്ടായിരുന്ന ദുബൈ താമസകുടിയേറ്റ വകുപ്പ് തലവന്‍ മേജര്‍ മുഹമ്മദ് അഹ്മദ് അല്‍ മരിക്കു വിവരം ലഭിച്ചു.

അടിയന്തര പ്രസവചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. അതോടെ ആ ഉമ്മയ്ക്കും മൂന്ന് കുട്ടികള്‍ക്കും അരമണിക്കൂറിനകം വിസയും ചികിത്സാ സൗകര്യങ്ങളും ഒരുങ്ങി. അബൂദബിയില്‍ ഈമാന്റെ സഹോദരന്മാര്‍ ഉള്ളതിനാല്‍ പ്രസവചികിത്സ അവിടത്തെ ആശുപത്രിയിലാക്കി. പ്രസവത്തില്‍ ലഭിച്ചതു രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുഞ്ഞുമടക്കം 3 കണ്‍മണികള്‍.

എല്ലാവര്‍ക്കും വിസ ആയതോടെ സ്വദേശത്തേക്കുള്ള മടക്കമൊഴിവാക്കി യുഎഇയില്‍ തന്നെ കഴിയാനാണു ഇവരുടെ അഗ്രഹം. ‘യുഎഇ ലോകത്തെ സുസ്ഥിരതയും സുരക്ഷയുമുള്ള രാജ്യമാണ്. ഈ നാട്ടില്‍ വസിക്കുക മനുഷ്യരുടെ അഭിലാഷമാണ്’- ആശുപത്രി കിടക്കയില്‍ വച്ച് ഈമാന്‍ പറഞ്ഞു.

വിമാനത്താവളത്തില്‍ അവിചാരിതമായി എത്തിയ വേളയിലാണ് ഗര്‍ഭിണിയുടെ അനാരോഗ്യം ശ്രദ്ധയില്‍പെട്ടതെന്ന് ഇമിഗ്രേഷന്‍ ഡയറക്ടര്‍ മേജര്‍ അല്‍ മരി പ്രതികരിച്ചു. അടിയന്തര ചികിത്സയ്ക്കു വേണ്ടിയാണു മൂന്ന് മക്കള്‍ക്കും അവര്‍ക്കും താമസ വിസ നല്‍കിയത്-മേജര്‍ അല്‍മരി പറഞ്ഞു.

ഈ രാജ്യത്തെ ഭരണാധികാരികളോടുള്ള കടപ്പാടില്‍ രണ്ട് പെണ്‍കുട്ടികള്‍ക്കും ഈമാന്‍ പേരിട്ടത് മഹ്‌റ, മേയ്‌സ എന്നിങ്ങനെയാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മക്കളുടെ പേര്. യുഎഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനോടുള്ള ആദരവില്‍ ആണ്‍കുഞ്ഞിന് അബ്ദുല്ല എന്നും പേരിട്ടു.