വാഷിങ്ടണ്‍: യുഎഇക്ക് വേണ്ടി ഖത്തറിനെതിരേ നിയമവിരുദ്ധ ലോബിയിങ് നടത്തിയെന്ന കുറ്റത്തില്‍ താന്‍ നിരപരാധിയെന്ന് മുന്‍ എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കൂട്ടാളി തോമസ് ബറാക്ക്. കേസില്‍ താന്‍ 100 ശതമാനം നിരപരാധിയാണെന്ന് അധികം വൈകാതെ തെളിയുമെന്ന് കോടതിയില്‍ നിന്ന് മടങ്ങവേ 74കാരനും ബില്ല്യനറുമായ ബറാക്ക് പറഞ്ഞു.
കേസില്‍ കഴിഞ്ഞയാഴ്ച്ച അറസ്റ്റ് ചെയ്യപ്പെട്ട ബറാക്കിനെ 250 ദശലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടിരുന്നു. ബ്രൂക്ക്‌ലിന്‍ ഫെഡറല്‍ കോടതിയില്‍ കേസിലെ ആദ്യം വാദം കേള്‍ക്കലാണ് തിങ്കളാഴ്ച്ച നടന്നത്.
2016ല്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് വേളയിലും തുടര്‍ന്നും യുഎഇ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ബറാക്കിന്റെ സ്വാധീനം രഹസ്യമായി ഉപയോഗപ്പെടുത്തി എന്നതാണ് കുറ്റം.
യുഎഇ ലോബിയിങ് വിവാദത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേരില്‍ ഒരാളാണ് ബറാക്ക്. അദ്ദേഹത്തിന്റെ മുന്‍ ജീവനക്കാരന്‍ മാത്യു ഗ്രിംസ്, വ്യാപാരിയും യുഎഇ പൗരനുമായ റാഷിദ് അല്‍ മാലിക് എന്നിവരാണ് മറ്റു രണ്ടുപേര്‍. ഗ്രിംസിനെയും കാലഫോണിയയില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, അല്‍ മാലികിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
മിഡില്‍ ഈസ്റ്റിലെ ട്രംപിന്റെ നയങ്ങളില്‍ യുഎഇ വലിയ സ്വാധീനം ചെലുത്തിയതായി ആരോപണങ്ങളില്‍ പറയുന്നു. പ്രധാനമായും 2017ല്‍ യുഎഇ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച വേളയിലാണ് ഇത് കാര്യമായി സ്വാധീനിച്ചത്.