അജ്മാന്‍: വിസാ ഏജന്റിന്റെ ചതിയില്‍പ്പെട്ട് അജ്മാനില്‍ ദുരിതത്തിലായ മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യന്‍ വീട്ടുജോലിക്കാരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തി. മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വന്‍ തുക നല്‍കി യുഎഇയിലെത്തിയത്. തുടര്‍ന്ന് കൊച്ചുമുറികളില്‍ താമസിപ്പിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.
ഇവരില്‍ അഞ്ച് പേരുടെ ബന്ധുക്കള്‍ നാട്ടില്‍ നിന്ന് ഫോണിലൂടെ ബന്ധപ്പെട്ട് യുഎഇയിലെ ചില സാമൂഹിക പ്രവര്‍ത്തകരെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടുകയായിരുന്നു. കഴിഞ്ഞ ദിവസം കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളി യുവതി തനിക്കേറ്റ പീഡനം തുറന്നുപറഞ്ഞിരുന്നു.
മലയാളികളെ കൂടാതെ, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അജ്മാനില്‍ വഞ്ചിക്കപ്പെട്ടിരുന്നു. 12 ഇന്ത്യന്‍ യുവതികളെ തങ്ങള്‍ രക്ഷപ്പെടുത്തിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ചര്‍ കോണ്‍സല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു. ഇവരില്‍ ഏഴ് പേര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. 12 പേരില്‍ 2 പേര്‍ നാളെ ഇന്ത്യയിലേക്കു മടങ്ങും. ബാക്കിയുള്ളവര്‍ക്കും വൈകാതെ മടങ്ങിപ്പോകാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഇന്ത്യക്കാരിയായ ഒരു യുവതിയാണ് തട്ടിപ്പിന് അജ്മാനില്‍ നേതൃത്വം നല്‍കുന്നതത്രെ. ചില അസോസിയേഷനുകളും ഇതിന് കൂട്ടു നില്‍ക്കുന്നതായും ആരോപണമുണ്ട്.
അതേസമയം, ഇനിയും ഒട്ടേറെ പേര്‍ അജ്മാനിലെ ഇന്ത്യക്കാരായ വിസ ഏന്റുമാരുടെ ചതിയില്‍പ്പെട്ടു കിടക്കുകയാണെന്നും ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.